മാവൂര്‍ കൂട്ടായ്മ വാര്‍ഷികം സംഘടിപ്പിച്ചു
Friday, November 13, 2015 8:29 AM IST
ദമാം: കിഴക്കന്‍ പ്രവിശ്യയിലെ മാവൂര്‍ നിവാസികളുടെ കൂട്ടായ്മയായ മാവൂര്‍ പ്രവാസി സംഘം വാര്‍ഷിക സംഗമം സംഘടിപ്പിച്ചു.

ജുബൈല്‍ റോഡിലെ അല്‍ ജിഷ് ഫാം ഹൌസില്‍ നടന്ന ആഘോഷ പരിപാടിയില്‍ വിവിധ കലാ, കായിക മല്‍സരങ്ങളും സംഘടിപ്പിച്ചു. പ്രസംഗമല്‍സരം, ക്വിസ്, പെനാല്‍ട്ടി ഷൂട്ടൌട്ട്, വടംവലി തുടങ്ങിയ മല്‍സരങ്ങളില്‍ നാട്ടുകാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. കുളിമാട് ടീം വടംവലി മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടി. സുബൈര്‍ കല്‍പ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കപ്പിള്‍ ടാസ്ക് വ്യത്യസ്താനുഭവമായി മാറി.

സംസ്കാരിക സമ്മേളനം ദമാം അല്‍മുന സ്കൂള്‍ പ്രിന്‍സിപ്പള്‍ കെ.പി. മമ്മു മാസ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കൂട്ടായ്മകള്‍ക്ക് തങ്ങളുടെ സമൂഹത്തില്‍ അവശതയനുഭവിക്കുന്ന ആളുകള്‍ക്ക് സഹായിക്കാന്‍ സാധിക്കുന്നത് ഈ നാട് നമുക്കു കനിഞ്ഞു നല്‍കിയ അനുഗ്രങ്ങള്‍ കൊണ്ട് മാത്രമാണെന്ന് മമ്മു മാസ്റര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി പി.എം. നൌഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിയാദ് മാവൂര്‍ ഏരിയ പ്രവാസി കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി ലത്തീഫ് ദര്‍ബാര്‍, ബിജു കല്ലുമല , ജിന്‍സണ്‍, മാധ്യമ പ്രവര്‍ത്തകന്‍ മുജീബ് കളത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രവിശ്യയിലെ പ്രമുഖ ഗായകര്‍ പങ്കെടുത്ത പരിപാടികളോടെയാണു സംഗമം സമാപിച്ചത്. ഷമീര്‍, ഹംസ എറക്കോടന്‍, സുബൈര്‍ ആയംകുളം, ജൈസല്‍, നോബിള്‍, യഹ് ക്കൂബ്, നൌഷാദ് എന്നിവരും നൂര്‍ജഹാന്‍ ഹംസ, ലസിന നൌഷാദ്, റുഷ്ദ സലിം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. ചെയര്‍മാന്‍ വളപ്പില്‍ മുഹമ്മദ് മാസ്റര്‍ അധ്യക്ഷത വഹിച്ചു. ബാഷീര്‍ ബാബു കുളിമാട് സ്വാഗതവും സലീം ജുബാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം