വ്യാജ വീസയില്‍ എത്തിയ നൌഫല്‍ നാട്ടിലേക്ക് മടങ്ങി
Friday, November 13, 2015 8:28 AM IST
ദമാം: വ്യാജ വീസയില്‍ സൌദിയിലെത്തിയ കോട്ടയം, ചങ്ങനാശേരി പുതുപറമ്പ് പി.കെ.സലീമിന്റെ മകന്‍ നൌഫല്‍ സലിം(26) ഒട്ടേറെ ദുരിതത്തിനും പ്രതിസന്ധികള്‍ക്കുമൊടുവില്‍ നവംബര്‍ ഒന്നിനു (ഞായര്‍) കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു

അല്‍ ഹസയില്‍ എത്തി അല്‍കോബാറിലെ ലുലുവില്‍ ഒരു വര്‍ഷം ജോലി ചെയ്തു. തുടര്‍ന്നു ഈ സ്ഥാപനത്തിലേക്ക് റിലീസിനായി ശ്രമിക്കുന്നതിനിടയില്‍ എന്തോ നിയമപ്രശ്നം ഉള്ളതായി അറിയാന്‍ കഴിയുകയും അതു പരിഹരിക്കാനായുള്ള ശ്രമങ്ങള്‍ തുടരുകയുമായിരുന്നു.

സ്പോന്‍സറെ 22 മാസങ്ങള്‍ക്കുശേഷമാണു കണ്െടത്തി കാര്യങ്ങള്‍ തിരക്കാനും സത്യാവസ്ഥ മനസിലാക്കാനും കഴിഞ്ഞത്. ഇദ്ദേഹം പോലും അറിയാതെ ചതിയിലൂടെ സ്പോണ്‍സറിന്റെ വിലാസവും ഇദ്ദേഹത്തിന്റെ പത്തുവയസുകാരനായ മകന്റെ ഐഡി ഉപയോഗിച്ചാണ് വീസ സംഘടിപ്പിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്.

ഇതിനിടയില്‍ ദമാമിലെ ഇഖാമ പരിശോധനയില്‍ പിടിക്കപ്പെടുകയും പതിനാറു ദിവസത്തോളം ജയിലിലുമായി. നിത്യവൃത്തിയും ജീവിതവും തള്ളി നീക്കുന്നതിനായി പലതരത്തിലുള്ള ജോലി വാഗ്ദാനത്തില്‍ ഒരു മലയാളിയുടെ കഫ്ത്തീരിയയില്‍ ശമ്പളമില്ലാതെ ഒമ്പതു മാസം ജോലി ചെയ്യേണ്ടി വന്നു.

ദമാം ടൌണ്‍ നവോദയ സാമൂഹ്യക്ഷേമ കണ്‍വീനറായ അയൂബ് കൊടുങ്ങല്ലൂരിന്റെ സഹായത്തോടെ ദമാം, അല്‍കോബാര്‍, ജവാസാത്തുകളില്‍ പരാതി നല്‍കുകയും തുടര്‍ന്നു ആറു മാസം ദമാം തൊഴില്‍ കോടതിയില്‍ കേസ് നടത്തുകയുമായിരുന്നു.

ഒടുവില്‍ കോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാടുകടത്തുന്നതിനു കോടതി നേരിട്ടു മേല്‍നോട്ടം വഹിക്കുകയും ചെയ്തു. രണ്ടു വര്‍ഷം ഇഖാമ ഇല്ലാത്തതിനാല്‍ പിഴയോടുക്കുകയും ഇഖാമ പുതുക്കി പാസ്പോര്‍ട്ടില്‍ എക്സിറ്റ് അടിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം