കുവൈത്തില്‍ മുണ്ടക്കയം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Friday, November 13, 2015 7:34 AM IST
കുവൈത്ത്: പെട്രോള്‍ സ്റേഷനില്‍ കാറിന് എയര്‍ ചെക്ക് ചെയ്യുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ച് പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശി അബു ജെ. കുര്യന്‍ (47) ആണ് മരിച്ചത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഓഫീസില്‍നിന്നുള്ള യാത്രാ മധ്യേ ഫര്‍വാനിയയ്ക്കു സമീപം ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ സ്റേഷനില്‍ കയറിയ ശേഷം കാറിന്റെ എയര്‍ ചെക്ക് ചെയ്യുന്നതിനിടെ, മറ്റൊരു വാഹനം പുറകോട്ട് എടുക്കുന്നതിനിടെ അബുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ അബു തത്ക്ഷണം മരിച്ചു.

അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച വനിത നിര്‍ത്താതെ പോയത് പിന്നീട് പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് മിനിസ്ട്രി ഓഫ് അഗ്രിക്കള്‍ച്ചറല്‍ വകുപ്പില്‍ എന്‍ജിനിയറായിരുന്നു മരിച്ച അബു ജെ. കുര്യന്‍. സബാ മെറ്റേണിറ്റി ആശുപത്രിയില്‍ നഴ്സായ ആനി ആണ് ഭാര്യ. മകന്‍: ജോഷ്വാ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍