ഇടം സാംസ്കാരിക വേദി ജനകീയസംഗമം നടന്നു
Thursday, November 12, 2015 10:21 AM IST
റിയാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും കലാ സാംസ്കാരിക രംഗത്തും ഫാസിസ്റ് ശക്തികളുടെ പിടിമുറുക്കുന്നതിനെതിരേ പ്രതിരോധത്തിന്റെ കലയും കവിതയും ചിന്തയും പങ്കുവച്ച് റിയാദില്‍ ഇടം സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ജനകീയ കൂടിച്ചേരല്‍ സംഘടിപ്പിച്ചു.

പ്രഫ. എം.എന്‍. വിജയന്‍ മാഷ് അനുസ്മരണമാണ് ഇത്തരം ഒരു വേറിട്ട കൂടിച്ചേരലായി ഇടം സാംസ്കാരിക വേദി നടത്തിയത്. മഞ്ഞയില്‍ കാവി പടരുമ്പോള്‍ എന്ന ശീര്‍ഷകത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും ഇടപെടലുകളും അടിസ്ഥാനമാക്കി നവോഥാനവും വര്‍ത്തമാനകാല രാഷ്ട്രീയവും സംബന്ധിച്ച ചര്‍ച്ച, പത്തു ചിത്രകാരന്‍മാര്‍ പങ്കെടുത്ത ലൈവ് സോഷ്യല്‍ പെയിന്റിംഗ്, ആറ് കവിതകളുടെ അവതരണം എന്നിവയാണ് ഒരേ വേദിയില്‍ നടന്നത്.

വി.പി. ഇസ്ഹാഖ്, ജുമാന, ഷൈജു ചെമ്പൂര്‍, അജയ് കുമാര്‍, അനില്‍ അളകാപുരി, അബൂബക്കര്‍ സിദ്ദീഖ്, മുഹ്സിന, നിജാസ്, അഖില്‍ ഫൈസല്‍ (ജൂണിയര്‍), ഋഷികേശ് (ജൂണിയര്‍), എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. ഇന്ത്യന്‍ സമകാലിക രാഷ്ട്രീയത്തിന്റെ കഠിന യാഥാര്‍ഥ്യങ്ങളോടുള്ള തീഷ്ണമായ പ്രതികരണങ്ങളായിരുന്നു ചിത്രങ്ങളോരോന്നും പ്രതിഫലിപ്പിച്ചത്.

കെ.ജി. ശങ്കരപ്പിള്ളയുടെ അരാഷ്ട്രീയ ബുദ്ധിജീവികള്‍ എന്ന കവിത ചൊല്ലിക്കൊണ്ട് നന്ദന്‍ കവിതകളുടെ അവതരണത്തിനു തുടക്കം കുറിച്ചു. ഭയം എന്ന ദ്രുപത് ഗൌതമിന്റെ കവിത എം. ഫൈസലും കടമ്മനിട്ടയുടെ കുറത്തി പ്രിയാ സന്തോഷും ആലപിച്ചു. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗസല്‍ റയാന്‍ ഗഫൂര്‍ ആലപിച്ചു. പി.എന്‍. ഗോപാലകൃഷ്ണന്റെ ബിരിയാണി ഒരു സസ്യേതര രാഷ്ട്രീയ കവിത ഇഖ്ബാല്‍ കൊടുങ്ങല്ലൂരും സച്ചിതാനന്ദന്റെ നാവുമരം നിജാസും ചൊല്ലി.

ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച ചര്‍ച്ചയില്‍ സി.എച്ച്. താരിഖ് വിഷയമവതരിപ്പിച്ചു.

ആര്‍. മുരളീധരന്‍, എം. ഫൈസല്‍, അനിത നസീം, റസൂല്‍ സലാം ഇ.കെ, ബീന ഫൈസല്‍, അബൂബക്കര്‍ സിദ്ദീഖ്, ഷമീം, ബിനു എം. ശങ്കരന്‍, ഹനീഫ, ലത്തീഫ്, സിദ്ദിഖ് നിലമ്പൂര്‍, നിജാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍