കേരള സെന്റര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു
Thursday, November 12, 2015 8:28 AM IST
ന്യൂയോര്‍ക്ക്: അഫ്ഗാന്‍ യുദ്ധമുന്നണിയില്‍നിന്നു രക്ഷപ്പെട്ട ക്യാപ്റ്റന്‍ ജോഫിയല്‍ ഫിലിപ്സിന്റെ വീരകഥകളും കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലായ്യുടെ ചിന്തോദ്ദീപകമായ ഉദ്ഘാടനപ്രസംഗവും ദീപ്തമാക്കിയ ചടങ്ങില്‍ വ്യത്യസ്ത മേഖലകളില്‍ ഉന്നത നേട്ടങ്ങള്‍ കൈവരിച്ച ആറുപേര്‍ക്ക് കേരള സെന്റര്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

വേള്‍ഡ് ഫെയര്‍ മറീനയില്‍ നടന്ന ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ അംബാസഡര്‍ മുലായ് അക്കമിട്ടു നിരത്തി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ, ദക്ഷിണേഷ്യന്‍ കാര്യങ്ങള്‍ക്കുള്ള വിദേശകാര്യ അസിസ്റന്റ് സെക്രട്ടറി നിഷാ ബിസ്വാലും ഇന്ത്യന്‍ അമേരിക്കക്കാര്‍ തന്നെയാണെന്നത് അമേരിക്കയില്‍ ഇന്ത്യക്കാര്‍ കൈവരിച്ച നേട്ടം വിളിച്ചോതുന്നു. കേരള സംസ്കാരവും മലയാള ഭാഷയും നിലനിര്‍ത്താന്‍ കേരള സെന്റര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ പ്രകീര്‍ത്തിച്ചു.

സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പള്ളില്‍ സ്വാഗതം ആശംസിച്ചു ട്രസ്റി ബോര്‍ഡ് ചെയര്‍ ഗോപാലന്‍ നായര്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. തോമസ് ഏബ്രഹാം ചടങ്ങുകള്‍ നിയന്ത്രിച്ചു. ഡെയ്സി ഭവീന്ദ്രന്‍ ചടങ്ങില്‍ മോഡറേറ്ററായിരുന്നു.

കൊളംബിയ പ്രഫ. ഡോ. സോമസുന്ദരന്‍, കേരള സെന്റര്‍ വൈസ് പ്രസിഡന്റ് അലക്സ് എസ്തപ്പാന്‍ എന്നിവര്‍ എന്‍ജിനിയറിംഗിനുള്ള അവാര്‍ഡ് ഡോ. നവീന്‍ മാഞ്ഞൂരാനു സമ്മാനിച്ചു.

സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡ് ഡോ. ശശി കെ. പിള്ളയ്ക്ക് കേരള സെന്റര്‍ സെക്രട്ടറി ജിമ്മി ജോണ്‍, ട്രസ്റി ഗോപി മേനോന്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു.

കേരള സെന്ററിന്റെ പുതിയ ട്രസ്റി ബോര്‍ഡ് ചെയറായി സ്ഥാനമേല്‍ക്കുന്ന ഡോ. മധു ഭാസ്കര്‍, ട്രസ്റി ജി. മത്തായി എന്നിവര്‍ മെഡിക്കല്‍ രംഗത്തെ അവാര്‍ഡ് ഡോ. പ്രേം സോമനു സമ്മാനിച്ചു.

മാധ്യമ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും കമ്യൂണിറ്റി സര്‍വീസിനുമുള്ള ബഹുമതിക്ക് അര്‍ഹനായ ഡോ. ജോര്‍ജ് കാക്കനാട്ടിനു തോമസ് തോട്ടം, അജയഘോഷ് എന്നിവര്‍ ചേര്‍ന്നു അവാര്‍ഡു സമ്മാനിച്ചു.

ഫൊക്കാന നേതാവും സാമൂഹിക പ്രവര്‍ത്തകയും തൊഴിലാളി യൂണിയന്‍ നേതാവുമായ ലീല മാരേട്ടിനു കമ്യൂണിറ്റി സര്‍വീസിനുള്ള അവാര്‍ഡ് മനോഹര്‍ തോമസ്, ജയിംസ് തോട്ടം തുടങ്ങിയവര്‍ ചേര്‍ന്നു സമ്മാനിച്ചു. ന്യൂയോര്‍ക്ക് സിറ്റിയുടെ പരിസ്ഥിതി വിഭാഗത്തില്‍ 29 വര്‍ഷമായി ശാസ്ത്രജ്ഞയായി പ്രവര്‍ത്തിക്കുന്ന അവര്‍ ബ്രോങ്ക്സ് കമ്യൂണിറ്റി കോളജില്‍ അഡ്ജംക്ട് ലക്ചററുമാണ്.

രാഷ്ട്രസേവനത്തിനുള്ള അവാര്‍ഡ് ക്യാപ്റ്റന്‍ ജോഫിയല്‍ ഫിലിപ്സിനു ഡെയ്സി ഭവീന്ദ്രന്‍, ഏബ്രഹാം ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. ഏതാനും മാസം മുമ്പ് അഫ്ഗാനില്‍ സേവനം അനുഷ്ടിക്കെ ഭീകരാക്രമണത്തില്‍നിന്നു രക്ഷപ്പെടുത്തിയ സാര്‍ജന്റ് മക്കെന്നയ്ക്ക് ഈ ബഹുമതി സമര്‍പ്പിക്കുന്നതായി ക്യാപ്റ്റന്‍ ജോഫിയല്‍ പറഞ്ഞു.

തുടര്‍ന്നു ബിന്ദ്യ പ്രസാദിന്റെ മയൂര സ്കൂള്‍ ഓഫ് ആര്‍ട്സിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തപരിപാടികള്‍ അരങ്ങേറി.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം