എന്‍ജിനീയര്‍ ഓഫ് ദ ഇയര്‍-കീന്‍ പ്രഫസര്‍ അജയനെ ആദരിച്ചു
Thursday, November 12, 2015 6:47 AM IST
ന്യൂജേഴ്സി: കേരള എന്‍ജിനീയേഴ്സ് അസോസിയേഷന്‍ നവംബര്‍ ഏഴിനു ശനിയാഴ്ച എഡിസണ്‍ ഹോട്ടലില്‍ ഫാമിലി നൈറ്റ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ടെക്സസ് റൈസ് യൂണിവേഴ്സിറ്റിയില്‍ നാനോ ടെക്നോളജി ഗവേഷണ വിഭാഗത്തിന്റെ തലവനായ പ്രഫ. പുളിയ്ക്കല്‍ അജയനെ എന്‍ജിനീയര്‍ ഓഫ് ദ ഈയര്‍ ആയി തദവസരത്തില്‍ ആദരിച്ചു. നാനോ വിദ്യയില്‍ രണ്ടു ഗിന്നസ് റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്ന ഇദ്ദേഹം, അടുത്ത തലമുറയ്ക്ക് അടിസ്ഥാനവിദ്യയായി മാറിക്കൊണ്ടിരിക്കുന്ന ഈ രംഗത്ത് പല കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്. തന്റെ ഗവേഷണ രംഗത്തെപ്പറ്റി ഡോ. അജയന്‍ വാചാലനായപ്പോള്‍ ഏറ്റവും നൂതനമായ നാനോ എന്‍ജിനിയറിംഗിനെപ്പറ്റി അറിയാന്‍ സദസ് ആകാംക്ഷാഭരിതരായി. ഇന്ത്യയില്‍ നാനോ വിദ്യയ്ക്കുള്ള സാധ്യതകളെയും, ഈ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ജോലി സാധ്യതകളെക്കുറിച്ചും അദ്ദേഹം ചോദ്യോത്തര വേളയില്‍ സംസാരിച്ചു. ചെറുതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍, വലുതായിക്കൊണ്ടിരിക്കുന്ന ആശയ വിനിമയത്തിലൂടെ നാനോ വിദ്യ ഞൊടിയിടയ്ക്കുള്ളില്‍ ലോകത്തെ കീഴടക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജനറല്‍ സെക്രട്ടറി ഷാജി കുര്യാക്കോസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അജിത് ചിറയില്‍, പ്രഫസര്‍ അജയനെ സദസിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ജയ്സണ്‍ അലക്സ്, ചെയര്‍മാന്‍ ഫീലിപ്പോസ് ഫിലിപ്പിനോടും കമ്മിറ്റി അംഗങ്ങളോടുമൊപ്പം എന്‍ജിനിയര്‍ ഓഫ് ദ ഇയര്‍ ഫലകം നല്‍കി പ്രഫസര്‍ അജയനെ ആദരിച്ചു.

ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പുതിയ കേരളത്തെ സ്വപ്നം കണ്ടുകൊണ്ട് തുടങ്ങിയ 'കീന്‍' അതിന്റെ എല്ലാ ദൌത്യ മേഖലകളും കീഴടക്കി കഴിഞ്ഞതായി ജയ്സണ്‍ പറഞ്ഞു. 'കീന്‍' അംഗങ്ങള്‍ കേരളത്തിലെ എന്‍ജിനിയറിംഗ് കോളജുകളില്‍ പലപ്പോഴായി അധ്യാപകര്‍ക്കും, കുട്ടികള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നു. ഈ വര്‍ഷം പുതുതായി 'ടീച്ചര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് കൊടുത്ത് കേരളത്തിലെ ഒരു പ്രൊഫസറെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ അന്തരീക്ഷ ശുദ്ധീകരണത്തിനായി പ്രവര്‍ത്തിക്കുന്നതിന്, കീന്‍ ഈ വര്‍ഷം ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതായും ജയ്സണ്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. മലയാളി സമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദിലീപ് വര്‍ഗീസ്, അലക്സ് കോശി എന്നീ രണ്ട് എന്‍ജിനിയര്‍മാരെയും മാതൃകാ എന്‍ജിനിയേഴ്സായി, കമ്മിറ്റിക്കുവേണ്ടി അദ്ദേഹം സദസിനു പരിചയപ്പെടുത്തി.

ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ഫീലിപ്പോസ് ഫിലിപ്പ്, കീനിന്റെ വളര്‍ച്ചയെയും, സാമൂഹിക പ്രതിബദ്ധതയും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കീനിന്റെ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വര്‍ണ്ണാഭമായ പരിപാടിയില്‍ നടത്തിയ റാഫിളിനെപ്പറ്റി ട്രഷറര്‍ ലിസി ഫിലിപ്പ് വിവരിച്ചു. റാഫിളിന്റെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ഡോ. കൃഷ്ണാ കിഷോര്‍, നന്ദിനി മേനോന്‍, രാജു പള്ളത്ത് എന്നിവര്‍ മെര്‍ളിന്‍ ടോം, കോശി പ്രകാശ്, സാജന്‍ ഇട്ടി എന്നിവര്‍ക്കു നല്‍കി.

എന്‍ജിനീയേഴ്സിന്റെ കൂട്ടായ്മയുടെ മാനുഷികമുഖമാണ് കീനിന്റെ സ്കോളര്‍ഷിപ്പ് പ്രോഗ്രാം എന്ന് ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ബെന്നി കുര്യന്‍ പറഞ്ഞു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട മിടുക്കരായ ഒന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കു നാലു വര്‍ഷം തുടര്‍ച്ചയായി കീന്‍ പഠന സഹായം ചെയ്യുന്നു. ഈ വര്‍ഷം പുതുതായി ആറു കുട്ടികളെ കൂടി കൂട്ടിക്കൊണ്ട് 48 കുട്ടികള്‍ക്കു തുടര്‍ച്ചയായി കീന്‍ ഈ സഹായം ചെയ്തുവരുന്നു.

പുതിയ സംരംഭമായ കേരളത്തിലെ അന്തരീക്ഷ ശുദ്ധീകരണ പരിപാടിയെപ്പറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ മാര്‍ട്ടിന്‍ വര്‍ഗീസ് സംസാരിച്ചു. സുരാജ് ചിവുക്കുള, തോമസ് മൊട്ടയ്ക്കല്‍ എന്നിവര്‍ തദവസരത്തില്‍ സംസാരിക്കുകയുണ്ടായി. അമേരിക്കയില്‍ അധ്യയന രംഗത്ത് പ്രഗല്ഭരായ 10 കുട്ടികള്‍ക്കു ട്രഷറര്‍ ലിസി ഫിലിപ്പിന്റെയും മേഘാ ജോണിന്റെയും നേതൃത്വത്തില്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി അഭിനന്ദിച്ചു.

റെജിമോന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടിയില്‍ സുപ്രസിദ്ധ ഗായകരായ തഹസീന്‍ മൊഹമ്മദ്, മനോജ് കൈപ്പിള്ളി, സുമാനായര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മാലിനി നായരുടെയും, സോഫിയുടെയും നേതൃത്വത്തില്‍ സമൂഹനൃത്തവും നടന്നു. സബ്രീന അലക്സും, മാത്യു ഏബ്രഹാമുമായിരുന്നു എം.സിമാര്‍. സോഫി ചിറയില്‍. വര്‍ഷ സുധീര്‍, റോസ് വര്‍ഗീസ്, കെവിന്‍ സ്റീഫന്‍, ജോസഫ് ചിറയില്‍ എന്നീ കുട്ടികളും ഗാനങ്ങള്‍ ആലപിച്ചു.

ഷാജി കുര്യാക്കോസും, എല്‍ദോ പോളും പരിപാടികള്‍ക്കു നേതൃത്വം കൊടുത്തു. മനോജ് ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. സദ്യക്കു ശേഷം പിരിയുമ്പോള്‍ ഒരു നല്ല പ്രോഗ്രാം കാഴ്ചവച്ച കീനിനെ അഭിനന്ദിക്കാന്‍ സദസ്യര്‍ മറന്നില്ല.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍