കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗ്: അല്‍ ഫൌസ് റൌദ, സ്പാര്‍ക്സ് എഫ്സി, ബ്രദേഴ്സ് കേരള ടീമുകള്‍ക്ക് ജയം
Wednesday, November 11, 2015 1:44 PM IST
കുവൈത്ത്: കേഫാക് ഗ്രാന്റ് ഹൈപ്പര്‍ ലീഗില്‍ അല്‍ ഫൌസ് റൌദക്കും സ്പാര്‍ക്സ് എഫ്സിക്കും ബ്രദേഴ്സ് കേരളക്കും തിളക്കമാര്‍ന്ന വിജയങ്ങള്‍. ആദ്യ മത്സരത്തില്‍ സിയസ്കോയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് അല്‍ ഫൌസ് റൌദ തറപറ്റിച്ചത്. ഏകപക്ഷീയമായ മത്സരത്തില്‍ വിജയികള്‍ക്കുവേണ്ടി സലിം, റംഷീദ് എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടി. രണ്ടാം മത്സരത്തില്‍ അല്‍ ശബാബിനെ മറുപടിയില്ലാത്ത ഒരു ഗോളിനു സ്പാര്‍ക്സ് എഫ്സി പരാജയപ്പെടുത്തി.

ആക്രമണത്തെ കളിയഴകുകൊണ്ട് കീഴടക്കി മികച്ച മത്സരം കാഴ്ചവച്ച സ്പാര്‍ക്സ് എഫ്സി അര്‍ഹതപ്പെട്ട വിജയം നേടുകയായിരുന്നു. സ്പാര്‍ക്സിനു വേണ്ടി അഫ്താബ് അവസാന മിനിട്ടില്‍ ഗോള്‍ നേടിയത്. തുടര്‍ന്നു നടന്ന ബ്ളാസ്റ്റേഴ്സ് കുവൈത്തും ചാമ്പ്യന്‍സ് എഫ്സിയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. അവസാന മത്സരത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ സില്‍വര്‍ സ്റാറിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബ്രദേര്‍സ് കേരള പരാജയപ്പെടുത്തി. ബ്രദേര്‍സിനായി ഫെബിനും സുനിലും ഗോളുകള്‍ നേടി. മികച്ച ഫോമില്‍ ഒത്തിണക്കത്തോടെ പന്തുതട്ടിയ ബ്രദേഴ്സ് താരങ്ങള്‍ക്ക് കളിയിലുടനീളം മേധാവിത്വം നിലനിര്‍ത്താനായി. നിരവധി തവണ സില്‍വര്‍ സ്റാര്‍ ബ്രദേഴ്സ് ഗോള്‍മുഖം റെയ്ഡ് നടത്തിയെങ്കിലും ഗോള്‍ നേടുവാന്‍ കഴിഞ്ഞില്ല.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ളിക് അഥോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തില്‍ വൈകുന്നേരം മുതല്‍ രാത്രി ഒമ്പതുവരെയാണ് മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൌകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 66619649, 99534500, 99288672.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍