അബുദാബി ഇന്ത്യ ഫെസ്റ്; ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍
Wednesday, November 11, 2015 1:38 PM IST
അബുദാബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യ ഫെസ്റ് ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ വിപുലമായ കലാപരിപാടികളോടെ നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 27നു ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്റെയും സംഘത്തിന്റെയും ഗാനമേളയോടെ ഇന്ത്യ ഫെസ്റിനു തിരി തെളിയും.

മൂന്നിനു വൈകുന്നേരം ഏഴിനു നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം മുഖ്യാതിഥിയായിരിക്കും. ബോളിവുഡ് പിന്നണിഗായകരായ നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ് ടീമിന്റെ സംഗീത പരിപാടി, നാലിനു ഗായകന്‍ മധുബാലകൃഷ്ണന്റെയും ഗായിക ചിത്ര അയ്യരുടെയും അഞ്ചിനു സുമി അരവിന്ദും സംഘവും അവതരിപ്പിക്കുന്ന ഗാനമേളകള്‍, മൂന്നു ദിവസങ്ങളിലും ഇന്ത്യന്‍ ബാന്‍ഡായ വുഡന്‍ ഷീല്‍ഡിന്റെ സംഗീത പരിപാടി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാംസ്കാരിക പരിപാടികള്‍ എന്നിവയും ഇന്ത്യ ഫെസ്റിന്റെ പ്രത്യേകതകളാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയും മറ്റു രാജ്യങ്ങളിലെയും പ്രത്യേക വിഭവങ്ങള്‍ ലഭ്യമാകുന്ന 27 ഫുഡ് സ്റാളുകള്‍ മേളയുടെ പ്രത്യേകതയായിരിക്കും. യുഎയിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി അവതരിപ്പിക്കുന്ന വൈവി ധ്യമാര്‍ന്ന പരിപാടികളും അരങ്ങേറും.

അല്‍ മസൂദ് ഓട്ടോമൊബൈല്‍സ് സ്പോണ്‍സര്‍ ചെയ്ത നിനാന്‍ ടിഡ കാര്‍ ഉള്‍പ്പടെ നിരവധി വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്ന ഭാഗ്യ നറുക്കെടുപ്പുകളും വിനോദ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

യുഎഇ എക്സ്ചേഞ്ച്, എക്സ്പ്രസ് മണി, ലുലു എക്സ്ചേഞ്ച്, ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍സ്, അല്‍ ഫറാ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളാണ് മുഖ്യ പ്രായോജകര്‍.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് രമേശ് വി. പണിക്കര്‍, ജനറല്‍ സെക്രട്ടറി എം.എ. അബ്ദുള്‍ സലാം, വൈസ് പ്രസിഡന്റ് രാജ ബാലകൃഷ്ണന്‍, ട്രഷറര്‍ ടി.എന്‍. കൃഷ്ണന്‍, വിനോദ വിഭാഗം സെക്രട്ടറി ജോസഫ് ജോര്‍ജ് അനിക്കാട്ടില്‍, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, അജിത് ജോണ്‍സണ്‍, ബിനീഷ് ബാബു, നതാലിയ, സര്‍വോത്തം ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള