ഭക്തി സാന്ദ്രതയില്‍ ഓള്‍ സെയിന്റ്സ് ഡേ കൊണ്ടാടി
Wednesday, November 11, 2015 1:35 PM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സിറ്റിയിലെ സെന്റ് ജോര്‍ജ് കാത്തലിക് ദേവാലയത്തില്‍ സകല വിശുദ്ധന്മാരുടേയും ദിനം കൊണ്ടാടി. സോളമ്നിറ്റി ഓഫ് ഓള്‍ സെയിന്റ്സ്, ഫീസ്റ് ഓഫ് ഓള്‍ സെയിന്റ്സ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഓള്‍ സെയിന്റ്സ് ഡേ, സഭയിലെ എല്ലാ വിശുദ്ധന്മാരെയും ഓര്‍മിക്കുന്ന ദിവസമാണ്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനാണ് ഓള്‍ സെയിന്റ്സ് ഡേ ആഘോഷിക്കുന്നത്.

ഓള്‍ സെയിന്റ്സ് ഡേയില്‍ 50ഓളം കുട്ടികള്‍ ഫെയിത്ത് ഫോര്‍മേഷന്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. പ്രീ കെജി മുതല്‍ ആറാം ഗ്രേഡ് വരെയുള്ള കുട്ടികള്‍ വിവിധ വിശുദ്ധരുടെ വേഷങ്ങളില്‍ കൃബാനയ്ക്കുശേഷം അള്‍ത്താരയിലേക്കു വരി വരിയായി നടന്നു. തുടര്‍ന്നു ഫെയ്ത്ത് ഫോര്‍മേഷന്‍ പ്രോഗ്രാമിലെ ഹൈ സ്കൂള്‍ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തില്‍ വിശുദ്ധരുടെ എക്സിബിഷന്‍ നടത്തി. ഇതിനെല്ലാം പിന്തുണ നല്‍കിയ മാതാപിതാക്കളോടും സിസിഡി സ്റാഫിനോടും പരിപാടികളില്‍ പങ്കെടുത്ത കുഞ്ഞുങ്ങളോടും ഫാ. ക്രിസ്റി നന്ദി അറിയിച്ചു.

വിശുദ്ധരുടെ ജീവിത മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാനും ക്രിസ്തുവിനെ ഉള്ളില്‍ കൊള്ളുവാനും കഴിയണമെന്നും കുട്ടികള്‍ക്ക് വിശുദ്ധരെക്കൂറിച്ചു കൂടുതല്‍ അറിയുവാന്‍ സാധിച്ചതെന്നും ഫാ. ക്രിസ്റി ഓര്‍മിപ്പിച്ചു.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്