ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ആയി ഗണേശ് നായരെ തെരഞ്ഞെടുത്തു
Wednesday, November 11, 2015 7:21 AM IST
ന്യൂയോര്‍ക്ക്: 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഈ മഹോത്സവത്തിന്റ ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണം ചെയ്തു നടപ്പാക്കികൊണ്ടിരിക്കുന്നു. ഈ കണ്‍വെന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള ഗണേശ് നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ എന്നിവര്‍ അറിയിച്ചു.

അര്‍പ്പണ ബോധവും, സംഘടനാവൈഭവവും, ആത്മാര്‍ഥതയും, അനേക വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും കൈമുതലായുള്ള ഗണേഷ് നായരുടെ നേതൃപാടവം ന്യൂയോര്‍ക്കിലെന്നല്ല അമേരിക്കയുടെ ഇതര ഭാഗങ്ങളിലുള്ള മലയാളി സമൂഹം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ സേവനം ഫൊക്കാന കണ്‍വന്‍ഷനും ഒരു മുതല്‍ക്കൂട്ടാകുമെന്നു ട്രഷറര്‍ ജോയി ഇട്ടന്‍, ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ പ്രസിദ്ധീകരണമായ 'ഫൊക്കാന ടുഡേ' രൂപകല്പന ചെയ്യുകയും അതിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു മുക്തകണ്ഠമായ പ്രശംസ ഗണേശ് പിടിച്ചുപറ്റിയിട്ടുണ്ട്. ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്റെ യുവജനപ്രതിധിയായി പ്രവര്‍ത്തിച്ച് സംഘടനാപാടവം തെളിയിച്ചിട്ടുള്ള ഗണേശ്, യുവജനങ്ങളേ ഏകോപിപ്പിച്ച് അവരെ കലാപരമായും സാംസ്ക്കാരികപരമായും അവബോധമുള്ളവരാക്കി നേതൃത്വനിരയിലേക്ക് കൊണ്ടുവരാനും ഏറെ പ്രയത്നിച്ചിട്ടുണ്ട്.
വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള അദ്ദേഹം കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ.)യുടെ ബോര്‍ഡ് ഓഫ് ട്രസ്റീ സെക്രട്ടറി, സെക്രട്ടറി, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റീയില്‍ യുവജന പ്രതിനിധി, ട്രസ്റീ ബോര്‍ഡ് സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ആല്‍ബനി കണ്‍വന്‍ഷന്റെ വെബ് ഡിസൈനറായിരുന്നു ഗണേശ്.

കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റര്‍ ബിരുദമുള്ള ഗണേശ് ന്യൂയോര്‍ക്ക് സ്റ്റേറ്റില്‍ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്പെഷലിസ്റ് ആയി ജോലി ചെയ്യുന്നു. ന്യൂയോര്‍ക്കിലെ വെസ്റ്ചെസ്ററില്‍ കുടുംബസമേതം താമസിക്കുന്നു. ഭാര്യ സീനാ നായര്‍. മക്കള്‍: ഗോപിക, ഗിരീഷ്മ.