സമര്‍പ്പിതര്‍ സഭയുടെ ആത്മീയ കെടാവിളക്കുകള്‍: മോണ്‍. പീറ്റര്‍ കോച്ചേരി
Wednesday, November 11, 2015 7:21 AM IST
ലോസ്ആഞ്ചലസ്: സമര്‍പ്പിതര്‍ സഭയുടെ ആത്മീയ കെടാവിളക്കുകളാണെന്നും സമര്‍പ്പിതരുടെ സാന്നിധ്യം ഇല്ലായിരുന്നെങ്കില്‍ തിരുസഭയുടെ മുഖച്ഛായ തന്നെ മാറി പോകുമായിരുന്നുവെന്നും അമേരിക്കന്‍ സീറോ മലങ്കര വികാരി ജനറല്‍ മോണ്‍. പീറ്റര്‍ കോച്ചേരി പറഞ്ഞു.

സമര്‍പ്പിത വര്‍ഷത്തോടനുബന്ധിച്ചു കാലിഫോര്‍ണിയ ലോസ് ആഞ്ചലസ് സെന്റ് മേരീസ് സീറോ മലങ്കര കാത്തലിക് ഇടവക നടത്തിയ ദിവ്യബലിയില്‍ സമര്‍പ്പിതജീവിതത്തിന്റെ പ്രസക്തിയെക്കുറിച്ചും, സന്യസ്തര്‍ ലോകത്തിനും തിരുസഭയക്കും പ്രദാനം ചെയ്യുന്ന ആത്മീയ ശക്തിയെ കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിമൂന്നാം നൂറ്റാണ്ടില്‍ സഭ ആത്മീയ അന്ധകാരത്തില്‍ തപ്പിത്തടഞ്ഞപ്പോള്‍, അകത്തുനിന്നും പുറത്തുനിന്നുമുള്ള വിഭിന്ന സമ്മര്‍ദങ്ങളാല്‍ സഭയുടെ ആത്മീയ സൌധങ്ങള്‍ ആടിയുലഞ്ഞപ്പോള്‍ ആത്മീയതയുടെ പുത്തന്‍ മുഖങ്ങളായി സഭയെ തോളിലേറ്റി താങ്ങിനിര്‍ത്തിയ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെയും വിശുദ്ധ ക്ളാരയുടെയും സന്ന്യാസ വ്യക്തിത്വങ്ങളെ എടുത്തു പറഞ്ഞുകൊണ്ട് സഭയുടെ വളര്‍ച്ചയില്‍ സമര്‍പ്പിതര്‍ക്കുള്ള ശക്തമായ ആത്മീയ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

സമര്‍പ്പിത വര്‍ഷാചരണത്തോടനുബന്ധിച്ചു നടത്തിയ ദിവ്യബലിയിലും തുടര്‍ന്നുള്ള അഭിനന്ദന യോഗത്തിലും മേരിമക്കള്‍ (ഉമൌഴവലൃേ ീള ങമ്യൃ) സന്ന്യാസിനിസമൂഹത്തിലെയും മെഡിക്കല്‍ സിസ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെയും നാലു കോണ്‍വെന്റുകളില്‍ നിന്നുള്ള സമര്‍പ്പിതര്‍ പങ്കെടുത്തു. സന്യസ്തരെ ആദരിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിച്ച ഈ പ്രാര്‍ത്ഥന ശുശ്രുഷയില്‍ ഇടവക വികാരി ഫാ. കുര്യാക്കോസ് മാമ്പ്രക്കാട്ട് സമര്‍പ്പിതര്‍ക്ക് ആശംസകളും പ്രാര്‍ഥനകളും നേരുകയും അനുമോദനത്തിന്റെ ഭാഗമായി മൊമന്റോ സിസ്റേഴ്സിനു സമ്മാനിക്കുകയും ചെയ്തു. സെന്റ് മേരീസ് ഇടവക അംഗമായ കുഞ്ഞുമോള്‍ സമര്‍പ്പിത ജീവിതത്തെ ആസ്പദമാക്കി പ്രസംഗിക്കുകയും സമര്‍പ്പിതര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

ദിവ്യബലി മദ്ധ്യേ സമര്‍പ്പിതര്‍ക്കു കത്തിച്ച തിരികള്‍ നല്‍കി മലങ്കര ആരാധനക്രമം അനുസരിച്ചു നടത്തിയ ദൈവമതാവിനൊടുള്ള പ്രത്യേക പ്രാര്‍ഥന, തങ്ങളുടെ വ്രതവാഗ്ദാന ദിനത്തിന്റെ അവിസ്മരണീയ ഓര്‍മകളിലേക്കു തങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ ഉതകുന്നതായിരുന്നുവെന്നു സമര്‍പ്പിതര്‍ സാക്ഷ്യപ്പെടുത്തി. തുടര്‍ന്നു നടന്ന അഭിനന്ദന യോഗത്തില്‍ സിസ്റേഴ്സ് തങ്ങളുടെ സന്യാസ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചത് ഏവര്‍ക്കും ആത്മീയ ഉണര്‍വ് നല്കുന്നതും സമര്‍പ്പിത ജീവിതത്തോട് കൂടുതല്‍ മതിപ്പ് ഉളവാക്കുന്നതും പ്രത്യേകിച്ച് യുവജനങ്ങളില്‍ സമര്‍പ്പിത ദൈവവിളിക്കായുള്ള വിത്ത് പാകുന്നതിനും ഉപയുക്തമയിരുന്നു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ ചീക്കംപാറയില്‍