ജോലിയില്‍ പതിനഞ്ച് മിനിറ്റ് ഉറങ്ങിയതിനു പിരിച്ചുവിട്ട ഇന്ത്യന്‍ നഴ്സ് കേസ് ഫയല്‍ ചെയ്തു
Wednesday, November 11, 2015 7:19 AM IST
ഗ്രാന്റ് റാപ്പിഡ്സ് (മിഷിഗണ്‍): ഗര്‍ഭിണിയും ഇന്ത്യന്‍ അമേരിക്കന്‍ വംശജയുമായ നഴ്സ് ജോലിക്കിടെ ലഭിച്ച പതിനഞ്ചു മിനിറ്റ് വിശ്രമ സമയം ഉറങ്ങി എന്ന കാരണത്തിനു പരിച്ചുവിട്ട മാനേജ്മെന്റ് നടപടിക്കെതിരേ കേസ് ഫയല്‍ ചെയ്തു.

നഴ്സ് സൈജന്‍ സാറ ഷായ്ക്കെതിരേ നടപടിയെടുത്തതു ഇന്ത്യന്‍ വംശജയാണെന്ന കാരണത്താലാണെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 2014 സെപ്റ്റംബര്‍ 27-നു ജോലിയില്‍ പ്രവേശിച്ച ഷാ ആശുപത്രിയില്‍ 90 മണിക്കൂര്‍ ജോലിയെടുക്കുവാന്‍ നിര്‍ബന്ധിച്ചതായി ലൂഥറന്‍ സോഷ്യല്‍ സര്‍വീസിന്റെ കീഴിലുള്ള അസിസ്റന്റ് ലിവിംഗ് ഫെസിലിറ്റിയില്‍ മാര്‍ച്ച് 17, ഏപ്രില്‍ 3 തീയതികളില്‍ നടന്ന സംഭവത്തെത്തുടര്‍ന്നാണു ജോലിയില്‍നിന്ന് ഇവരെ പിരിച്ചുവിട്ടത്.

തലചുറ്റലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ഒരു മണിക്കൂര്‍ വിശ്രമം എടുക്കുന്നതിനു സൂപ്പര്‍വൈസറുടെ മുന്‍കൂര്‍ അനുവാദം വാങ്ങി വീട്ടില്‍ പോയതും, മറ്റൊരു സന്ദര്‍ഭത്തില്‍ ജോലിയ്ക്കിടെ ലഭിച്ച 15 മിനിറ്റ് വിശ്രമ സമയം മേശയില്‍ തലചായ്ച്ച് ഉറങ്ങിയതും കൊക്കേഷ്യന്‍ വിഭാഗത്തില്‍പ്പെട്ട സൂപ്പര്‍വൈസര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നാണു ഷാ പറയുന്നത്.

ഏപ്രില്‍ എട്ടുമുതല്‍ ലഭിക്കേണ്ട ശമ്പളവും ബോണസും, മാനസികവ്യഥ അനുഭവിച്ചതിനു നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍