വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് താത്കാലികമായി നിര്‍ത്തുവാന്‍ ആലോചന
Tuesday, November 10, 2015 7:45 AM IST
കുവൈറ്റ്: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ആരംഭിച്ച തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് താത്കാലികമായി നിര്‍ത്താന്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ കരുതിയതിനേക്കാള്‍ എറെ തൊഴിലാളികള്‍ ഈ കാലയളവില്‍ എത്തിയതിനെ തുടര്‍ന്നാണു മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനമെന്ന് അറിയുന്നു. ശക്തമായ നിബന്ധനകള്‍ക്കതീതമായാണ് സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുവാനുള്ള അനുമതി നല്‍കിയിരുന്നത്.

അനൌദ്യോഗികമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത വിസാ നിയന്ത്രണം മൂലം സ്ഥാപനങ്ങള്‍ക്ക് വിദഗ്ധ ജോലിക്കാരെ ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണു റിക്രൂട്ട് നയത്തില്‍ സര്‍ക്കാര്‍ അയവ് പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനം ബിസിനസ് മേഖലയ്ക്കു തിരിച്ചടിയാകുമെന്നാണു കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍