കുവൈറ്റ്: ഗവണ്‍മെന്റ് മേഖലയില്‍ പരിശോധന സമയം പുനഃക്രമീകരിക്കുന്നു
Tuesday, November 10, 2015 7:45 AM IST
കുവൈറ്റ്: ഗവണ്‍മെന്റ് മേഖലയില്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങളില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി ചികല്‍സാ സമയം മാറ്റംവരുത്തുന്നു. പുതിയ സമയപ്രകാരം അടുത്ത വര്‍ഷം മുതല്‍ സ്വദേശികള്‍ക്ക് രാവിലേയും വിദേശികള്‍ക്ക് വൈകുന്നേരവുമായി പരിശോധന സമയം നിജപ്പെടുത്തും. കഴിഞ്ഞ രണ്ട് വര്‍ഷമായി ജഹറയില്‍ വിജയകരമായി പദ്ധതി നടപ്പിലായതിനെ തുടര്‍ന്നാണു രാജ്യത്താകമാനം വിപുലപ്പെടുത്തുന്നതെന്ന് ആരോഗ്യ മാന്താലയം അറിയിച്ചു.

മന്ത്രാലയത്തിനു കീഴിലെ മെഡിക്കല്‍ ഏരിയ കൌണ്‍സില്‍ അംഗീകരിച്ചിരുന്നെങ്കിലും രാജ്യത്തെ ഡോക്ടര്‍മാരുടെ സംഘടനയായ കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്‍ സമയമാറ്റത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇത്തരം രീതികള്‍ വിദേശികളായ രോഗികളോട് കാണിക്കുന്ന വിവേചനമാണെന്നും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മര്‍സൂഖ് അല്‍അസ്മി വ്യക്തമാക്കിയിരുന്നു. പുതിയ തീരുമാനത്തോടെ എതിര്‍പ്പുകള്‍ രൂക്ഷമാകുമെന്നാണു കരുതപ്പെടുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍