കെ.എം ഈപ്പന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, എഴുപേര്‍ക്ക് ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമ പുരസ്കാരം
Tuesday, November 10, 2015 7:42 AM IST
ന്യൂയോര്‍ക്ക്: സൌഹൃദ സമര്‍പ്പണമായി ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കെ.എം ഈപ്പന്‍ (കേരള എക്സ്പ്രസ്, ഷിക്കാഗോ), ഡോ. കൃഷ്ണ കിഷോര്‍ (ഏഷ്യാനെറ്റ്, ന്യൂജേഴ്സി), മീനു എലിസബത്ത് (കോളമിസ്റ്റ്, ഡാളസ്), സുധാ ജോസഫ് (കൈരളി ടിവി, ഡാളസ്), ജോര്‍ജ് തുമ്പയില്‍ (ന്യൂജേഴ്സി), സുനില്‍ ട്രൈസ്റ്റാര്‍ (പ്രവാസി ചാനല്‍, ന്യൂജേഴ്സി), പി.പി. ചെറിയാന്‍ (ഡാളസ്), ഏബ്രഹാം തോമസ് (ഡാളസ്) എന്നിവരെയാണ് ഷിക്കാഗോയില്‍ ഈമാസം 19, 20, 21 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ ആദരിക്കുകയെന്ന് പ്രസിഡന്റ് ടാജ് മാത്യു, സെ ക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍, കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി എന്നിവര്‍ അറിയിച്ചു. പ്രസ്ക്ളബിന്റെ മാധ്യമരത്ന പുരസ്കാരം കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസും കണ്‍വന്‍ഷനില്‍ ഏറ്റുവാങ്ങും.

മാധ്യമരംഗവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഒന്നിച്ചു കൊണ്ടുപോകുന്ന അപൂര്‍വ വ്യക്തിത്വമായ കേരള എക്സ്പ്രസ് മുഖ്യ പത്രാധിപരായ കെ.എം. ഈപ്പനെ ലൈഫ് ടൈം അച്ചീവ്മെന്റ്അവാര്‍ഡ് നല്‍കിയാണ് ഇന്ത്യ പ്രസ്ക്ളബ്ബ് ആദരിക്കുന്നത്. 1984ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം സ്വന്തമായി പ്രസ് ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് 1992ല്‍ കേരള എക്സ്പ്രസിനു തുടക്കമിട്ടു. ബ്ളാക് ആന്‍ഡ് വൈറ്റില്‍ തുടങ്ങിയ കേരള എക്സ്പ്രസ് ഏറെ വൈകാതെ കളറിലേക്കു മാറുകയും കേരളത്തിലെ പ്രസിദ്ധീകരണങ്ങളോടു കിടപിടിക്കാവുന്ന മികവ് നേടുകയും ചെയ്തു.

വിവിധ കര്‍മരംഗങ്ങളില്‍ ഒരേ സമയം വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വം ചിലരിലൊരാളാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അമേരിക്ക ബ്യൂറോ ചീഫും ഏക സ്പെഷല്‍ കറസ്പോണ്ടന്റുമായ ഡോ. കൃഷ്ണ കിഷോര്‍. 27 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തന പരിച യമുള്ള അദ്ദേഹം ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായാണ് തുടക്കമിട്ടത്. ഡോ. കൃഷ്ണ ഏഷ്യാനെറ്റില്‍ അവതരിപ്പിക്കുന്ന യു.എസ് വീക്ക്ലി റൌണ്ട്അപ്പ് 625 എപ്പിസോഡുകള്‍ പിന്നിട്ടു. ഒബാമയുടെ സ്ഥാനാരോഹണം മുതല്‍ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം വരെയുള്ള റിപ്പോര്‍ട്ടുകളും അപഗ്രഥനങ്ങളും തത്സമയം അദ്ദേഹം പ്രേക്ഷകരിലെത്തിക്കുന്നു.

മൂന്നു പതിറ്റാണ്ടായി അമേരിക്കയിലാണെങ്കിെലും ശുദ്ധ മലയാളത്തില്‍ വര്‍ഷങ്ങളായി മലയാളം പത്രത്തില്‍ കോളങ്ങള്‍ എഴുതുന്ന മീനു എലിസബത്ത് കഥാകാരിയും കവയിത്രിയും കൂടിയാണ്. അമേരിക്കയിലെ ഏറെ വായിക്കപ്പെടുന്ന കോളങ്ങള്‍ അമേരിക്കന്‍ ജീവിതത്തെയും ഇന്ത്യയിലെ ഓര്‍മ്മകളെയും കൂട്ടിച്ചേര്‍ത്ത് വായനക്കാരെ പുതിയ കാഴ്ചപ്പാടുകളിലേക്കു നയിക്കുന്നവയാണ്. സാഹിത്യ, മാധ്യമരംഗങ്ങളില്‍ വലിയ പ്രതീക്ഷകളുണര്‍ത്തുന്ന മീനു എലിസബത്ത് ഡാളസില്‍ താമസിക്കുന്നു.

കൈരളി ടിവിയില്‍ 550 ല്‍പ്പരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ യുഎസ്എ വീക്ക്ലി പ്രോഗ്രാമില്‍ വാര്‍ത്ത വായിക്കുന്നത് സുധാ ജോസഫാണ്. അവതരണ മേന്മകൊണ്ടും ഭാഷാ മികവുകൊണ്ടും അവര്‍ വാര്‍ത്തകള്‍ വായിക്കുന്നതു ശ്രോതാക്കളെ ഹഠാദാകര്‍ഷിക്കുന്നു.

ഡാളസില്‍ സണ്‍ഡാന്‍സ് റിഹാബിന്റെ മുന്‍ ഡയറക്ടറും ഇപ്പോള്‍ റിഹാബ് രംഗത്തെ അഡ്മിനിസ്ട്രേറ്ററുമായ സുധാ ജോസഫ് മാധ്യമരംഗത്ത് പ്രത്യേക പരിശീലനമൊന്നും നേടാതെ തന്നെയാണ് ഈ നേട്ടങ്ങള്‍ കൈവരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനുമായ ജോര്‍ജ് തുമ്പയില്‍ ദൃശ്യമാധ്യമ രംഗത്തും പ്രിന്റ,് ഓണ്‍ലൈന്‍ മീഡിയയിലും വ്യക്തിമുദ്ര പതിപ്പിച്ചു. എഴുത്തിനെയും മാധ്യമ പ്രവര്‍ത്തനത്തെയും ഇത്രയും സ്നേഹത്തോടെയും നിസ്വാര്‍ഥമായും അഭിമുഖീകരിക്കുന്ന മറ്റൊരു വ്യക്തി അമേരിക്കന്‍ മലയാളികള്‍ക്കിടിയിലില്ലെന്ന് അദ്ദേഹത്തെ അടുത്തയിടക്ക് ആദരിച്ച നാമം, മഞ്ച് എന്നീ സംഘടനകള്‍ ബഹുമതിപത്രത്തില്‍ ചൂണ്ടിക്കാട്ടിയത് അക്ഷരംപ്രതി ശരിയാണ്.

കലാരംഗത്തും ദൃശ്യമാധ്യമ രംഗത്തും വലിയ സംഭാവനകളര്‍പ്പിച്ച സുനില്‍ ട്രൈസ്റാര്‍ (സാമുവല്‍ ഈശോ) അമേരിക്കയില്‍ ഏഷ്യാനെറ്റ് വേരുറപ്പിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളിലൊരാളാണ്. അമേരിക്കന്‍ മലയാളിയുടെ ജീവിതം ഏഷ്യാനെറ്റിലൂടെ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് തുറന്നു കാട്ടിയ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച സുനില്‍ ഒരു ദശാബ്ദത്തിനുശേഷം പ്രവാസി ചാനലിനു തുടക്കം കുറിച്ചു. ഇന്ത്യക്കു പുറത്തുനിന്ന് മലയാളികള്‍ പ്രക്ഷേപണം ചെയ്യുന്ന ആദ്യത്തെ 24 മണിക്കൂര്‍ ചാനലാണിത്. മീഡിയ കണ്‍സള്‍ട്ടന്റായും സാങ്കേതിക വിദഗ്ധനായും വ്യത്യസ്ത മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച സുനില്‍ ട്രെെസ്റാര്‍ ഇമലയാളി ഡോട്ട്കോമിന്റെ സാരഥികളിലൊരാളുമാണ്.

അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തനം വാര്‍ത്തകളിലും അസോസിയേഷന്‍ വാര്‍ത്തകളിലും ഒതുങ്ങി നിന്നപ്പോള്‍ മുഖ്യധാരാ അമേരിക്കന്‍ ജീവിതത്തെ മലയാളികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്താണ് പി.പി. ചെറിയാന്‍ ശ്രദ്ധേയനായത്. മലയാളിസമൂഹം ഒറ്റപ്പെട്ട തുരുത്തായി മാറുന്ന സാഹചര്യമാണ് ചെറിയാന്റെ തൂലികയിലൂടെ ഇല്ലാതായത്. ഇന്നിപ്പോള്‍ അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് നടക്കുന്ന മാറ്റങ്ങളും മറ്റ് ഇന്ത്യന്‍ സമൂഹങ്ങളില്‍ നടക്കുന്ന കാര്യങ്ങളുമൊക്കെ എളുപ്പത്തില്‍ വായിച്ചു പോകാവുന്ന റിപ്പോര്‍ട്ടുകളായി ചെറിയാന്‍ അവതരിപ്പിക്കുന്നു. വ്യത്യസ്ത വിഷയങ്ങളെപ്പറ്റിയുള്ള കോളങ്ങളും അദ്ദേഹം എഴുതുന്നു.

മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏബ്രഹാം തോമസ് വ്യത്യസ്ത വിഷയങ്ങളില്‍ ആഴത്തിലുള്ള റിപ്പോര്‍ട്ടുകളും ലേഖനങ്ങളും സംഭാവന ചെയ്യുന്നു. ഹോളിവുഡ്, ബോളിവുഡ് സിനിമാരംഗത്തെപ്പറ്റി ആധികാരികമായി എഴുതുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ, ധനകാര്യ റിപ്പോര്‍ട്ടുകളും കോളങ്ങളും സ്ഥിരമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

ഷിക്കാഗോ വിന്‍ഡം ഹോട്ടലില്‍ വച്ച് നടക്കുന്ന ഇന്ത്യ പ്രസ്ക്ളബ്ബ് ആറാമത് സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിലെ മാധ്യമരംഗത്തെ പ്രമുഖര്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കും നേതൃത്വം നല്‍കും.