സഭയുടെ സമ്പത്ത് കുടുംബങ്ങള്‍: മാര്‍ ജോയി ആലപ്പാട്ട്
Tuesday, November 10, 2015 7:41 AM IST
ഫീനിക്സ്: സ്ഥാനപങ്ങളുടെ എണ്ണമോ, സാമൂഹ്യപ്രവര്‍ത്തനശേഷിയോ അല്ല സഭയുടെ ശക്തിനിര്‍ണയിക്കുന്നത്. പുരോഗതിക്ക് കാരണമാകുന്നത് വിവാഹമെന്ന കൂദാശയിലൂടെ ദൈവത്താല്‍ ആശീര്‍വദിക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന കുടുംബങ്ങളാണ്. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമായതും ഉത്തമ കത്തോലിക്കാ വിശ്വാസമുള്ള സീറോ മലബാര്‍ കുടുംബങ്ങളാണെന്നതില്‍ തര്‍ക്കമില്ലെന്നും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു.

സാര്‍വത്രിക സഭയിലെ ഓരോ വ്യക്തിയും തങ്ങളുടെ ആരാധനാക്രമങ്ങളും, വിശ്വാസ പാരമ്പര്യങ്ങളും ഏതൊരു ദേശത്തും കാത്തുപരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവകാശവും അര്‍ഹതയുമുണ്െടന്ന രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ പ്രബോധനമാണ് അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിനു സഹായകരമായത്. നോര്‍ത്ത് അമേരിക്കയില്‍ പ്രവാസികളായി കഴിഞ്ഞുകൂടുന്ന ഉത്തമ കത്തോലിക്കരായ മുപ്പതിനായിരത്തിലേറെ സീറോ മലബാര്‍ കുടുംബങ്ങളാണു ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആസ്തിയെന്നു പറയുന്നതില്‍ അഭിമാനമുണ്െടന്നു മാര്‍ ജോയി ആലപ്പാട്ട് പറഞ്ഞു. ഫീനിക്സ് ഹോളിഫാമിലി സീറോ മലബാര്‍ ദേവാലയത്തിന്റെ ഇടവക ദിനാഘോഷങ്ങളോടനുബന്ധിച്ച് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അഭിവന്ദ്യ പിതാവ്.

ഒരു പ്രദേശത്തു വസിക്കുന്ന ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകങ്ങളാണ് ഇടവക ദേവാലയങ്ങള്‍. ഓരോ സ്ഥലത്തും ഇടവക രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കുന്നതും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നതും വിശ്വാസികളാണ്. അതിനാല്‍ ഇടവക വഴി ഏറ്റവുമധികം ദൈവാനുഗ്രഹവും നന്മയും വന്നുചേരുക കുടുംബങ്ങള്‍ക്കും പ്രദേശത്തെ വിശ്വാസികള്‍ക്കുമായിരിക്കുമെന്നും മാര്‍ ആലപ്പാട്ട് പറഞ്ഞു.

വിവാഹമെന്ന കൂദാശയുടെ പ്രാധാന്യത്തെക്കുറിച്ചും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ പ്രത്യേകം പരമര്‍ശിച്ചു. സമൂഹത്തിന്റെ ഭൌതികവും ആത്മീയവുമായ നിലനില്‍പ്പ് സാധ്യമാക്കുന്നത് വിവാഹമെന്ന കൂദാശയിലൂടെയാണ്. വിവാഹജീവിതത്തെയും കുടുംബങ്ങളെയും തീരെ ലാഘവത്തോടെ കണക്കാക്കുന്നതു തെറ്റാണെന്നും പിതാവ് ഓര്‍മ്മപ്പെടുത്തി.

പ്രായമായ മാതാപിതാക്കളെ കുടുംബങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്നത് തെറ്റായ പ്രവണതയാണ്. കുട്ടികളുടെ മാനസിക രൂപീകരണത്തിലും ക്രൈസ്തവമൂല്യവത്കരണത്തിലും ഉത്തമ പരിശീലകരാകാന്‍ മുതിര്‍ന്ന തലമുറയ്ക്കു കഴിയും. ഒരുപക്ഷെ അനുദിന ജീവിത തിരക്കിനിടയില്‍ മാതാപിതാക്കള്‍ പകര്‍ന്നു നല്‍കാന്‍ മറന്നുപോകുന്ന മൂല്യങ്ങളാകാം ഇവ. വരുംതലമുറയിലാണ് നമ്മുടെ വിശ്വാസത്തിന്റേയും ആത്മീയതയുടെയും നിലനില്‍പ്പ്. ആയതിന്റെ പുരോഗതിക്ക് പ്രേരകമാകുംവിധം കുട്ടികളെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധചെലുത്തണമെന്നും ബിഷപ് ആവശ്യപ്പെട്ടു.

ഈവര്‍ഷത്തെ ഇടവക ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന ബിഷപ് മാര്‍ ജോയി ആലപ്പാട്ടിനു ദേവാലയാങ്കണത്തില്‍ വികാരി ഫാ. ജോര്‍ജ് എട്ടുപറയുടെ നേതൃത്വത്തില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ആഘോഷമായ ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നുമുണ്ടായിരുന്നു. ആഘോഷപരിപാടികള്‍ക്ക് ട്രസ്റിമാരായ ടോമിച്ചന്‍ വര്‍ഗീസ്, അശോക് പാട്രിക് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ മേല്‍നോട്ടം വഹിച്ചു. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം