മതേതര ശക്തികള്‍ ബീഹാര്‍ മോഡലില്‍ കൈകോര്‍ക്കണം: കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി
Monday, November 9, 2015 6:45 AM IST
റിയാദ്: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുണ്ടായ വിജയം മതേതര ഇന്ത്യയുടെ മാഹാത്മ്യം വിളിചോതുന്നതാണെന്ന് കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ പൈതൃകം വിറ്റു കാശാക്കുന്ന ബി.ജെ.പിയെ മതേതര മണ്ണിന്റെ മഹത്വം ബോധ്യപ്പെടുത്തുന്നതിന്റെ ആദ്യപടിയാണ് ബീഹാറിലെ ഫലം. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നു വിളിച്ചോതുന്ന ജനവിധിയാണിത്. ഇത് ഉപയോഗപെടുത്താന്‍ മതേതര ശക്തികള്‍ക്ക് സാധിക്കണം. രാജ്യം നേരിടുന്ന മഹാ വിപത്തിനെതിരെ കൈകോര്‍ക്കാന്‍ ഒറ്റകെട്ടായി രംഗത്തിറങ്ങിയ കോണ്‍ഗ്രസ് ആര്‍.ജെഡി ജെഡിയു പാര്‍ട്ടികളുടെ തീരുമാനം ഇന്ത്യന്‍ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. അസഹിഷ്ണുതയും വര്‍ഗീയതയും വളര്‍ത്തി രാജ്യം പതിറ്റാണ്ടുകളായി താലോലിച്ചുണ്ടാക്കിയ മതേതര സ്വപ്നങ്ങള്‍ക്ക് മീതെ മണ്ണിടാന്‍ ആരെയും അനുവധിക്കില്ലെന്നു ഈ ഫലം അടിവരയിടുന്നു. വര്‍ഗീയ വാദികള്‍ക്ക് അഴിഞ്ഞാടാനുള്ള ലൈസന്‍സും നല്‍കി രാജ്യം കാക്കേണ്ട പ്രധാനമന്ത്രി ലോകം ചുറ്റി കറങ്ങി പൊടിക്കൈ പ്രയോഗങ്ങളിലൂടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ്. പൌരന്മാരുടെ അവകാശങ്ങള്‍ക്ക് നേരെ കാവിക്കൊടി ഭീഷണി ഉയര്‍ത്തുമ്പോള്‍ അതിനു മൌനാനുവാദം നല്‍കി അയല്‍പക്ക രാജ്യങ്ങളുടെ പിന്തുണ തേടി കറങ്ങുന്ന മോഡിയുടെ ലക്ഷ്യം വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ക്ക് വിത്ത് പാകലാണ്. ഗുജറാത്ത് മോഡലില്‍ രാജ്യത്തെ തങ്ങളുടെ കൈപിടിയിലാക്കാമെന്ന മോഹവുമായാണ് മോഡിയുടെ സഞ്ചാരം. ഈയിടെ ഗുജറാത്തില്‍ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിലും ഡല്‍ഹിയിലും ഇപ്പോള്‍ ബീഹാറിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ ജനം അകറ്റുന്നത് നാം കണ്ടു. ഇവിടെയാണ് മതേതര കക്ഷികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ളതെന്നും കെ.എം.സി.സി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍