തെരഞ്ഞെടുപ്പു ഫലം; പ്രവാസലോകത്തിനു സമ്മിശ്ര പ്രതികരണം
Saturday, November 7, 2015 11:24 AM IST
റിയാദ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം നല്‍കുന്നതു വലിയ സൂചനകളാണെന്നും കേരളത്തിലെ മതേതര സാമൂഹ്യ ജീവിതരീതിയില്‍ വലിയ പ്രതിഫലനങ്ങളുണ്ടാക്കാന്‍ ഈ തെരഞ്ഞെടുപ്പു ഫലത്തിനാകുമെന്നും ഇതില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാകണമെന്നും റിയാദിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംഘടനകളും ഒന്നടങ്കം അഭിപ്രായപ്പെട്ടു.

കേരളത്തിലെ പ്രബലരായ രണ്ട് രാഷ്ട്രീയ മുന്നണികളുടേയും കണക്കു കൂട്ടലുകള്‍ പാടേ തെറ്റിച്ചതാണ് തെരഞ്ഞെടുപ്പു ഫലം. ഇടതു മുന്നണിക്കു ശക്തമായ തിരിച്ചു വരവിന്റെ സൂചന നല്‍കാന്‍ സാധിച്ചെങ്കിലും മത, ജാതി, വര്‍ഗീയ സംഘടനകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ച ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്താഗതികള്‍ക്ക് വഴിമരുന്നിടാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കുന്നു എന്നത് തിരിച്ചറിയണമെന്നും സാംസ്കാരിക നേതാക്കള്‍ പറഞ്ഞു.

കേരളം അഭിമുഖീകരിക്കേണ്ടി വരുമായിരുന്ന അപകടങ്ങള്‍ കൃത്യമായി മുന്നില്‍ കണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മതേതര കക്ഷികളെ ഭൂരിപക്ഷം സ്ഥലങ്ങളിലും വിജയിപ്പിക്കാന്‍ ജാഗ്രത കാണിച്ച കേരള ജനതയെ റിയാദ് കേളി കലാ സാംസ്കാരിക വേദി അഭിനന്ദിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കും വര്‍ഗീയതക്കും വികലമായ വികസന കാഴ്ചപ്പാടുകള്‍ക്കുമെതിരെയും ബിജെപി, സംഘപരിവാര്‍, വെള്ളാപ്പള്ളി കൂട്ടുകെട്ടിന്റെ വര്‍ഗീയതക്കും ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കുമെതിരേയുള്ള ജനങ്ങളുടെ വിധിയെഴുത്താണിതെന്നും ഇതിനു കേരള ജനതയോട് പ്രത്യേകിച്ച് പ്രവാസി സമൂഹത്തോട് നന്ദി രേഖപ്പെടുത്തുന്നതായും കേളി സെക്രട്ടറിയേറ്റ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന വീഴ്ചകള്‍ മനസിലാക്കി കരുതലോടെ മുന്നോട്ടു പോകാനുള്ള ഷോക്ക് ട്രീറ്റ്മെന്റാണ് യുഡിഎഫിനു ലഭിച്ചിരിക്കുന്നതെന്നും കേരള ജനത ഐക്യജനാധിപത്യ മുന്നണിയെ കൈവിട്ടിട്ടില്ലെന്നും ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്തി. പ്രാദേശിക ഭരണസംവിധാനങ്ങളിലുണ്ടായ ഭരണ വിരുദ്ധ തരംഗവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചകളും യു.ഡി.എഫ് പരാജയപ്പെടാന്‍ ചില സ്ഥലങ്ങളില്‍ കാരണമായി. തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ കോര്‍പറേഷനുകളില്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരു പരാജയത്തിനു ഹേതുവാണ്. ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെയാണു പല സ്ഥലങ്ങളിലും പ്രദേശിക നേതൃത്വത്തിന്റെ താത്പര്യം അവഗണിച്ചുകൊണ്ട് സ്ഥാനാര്‍ഥികളാക്കിയത്. ബീഫ് വിഷയമടക്കമുള്ള ആനുകാലിക സംഭവങ്ങളില്‍ ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കാനും അവരുടെ വികാരം ഉള്‍ക്കൊള്ളാനും കോണ്‍ഗ്രസിനു സാധിക്കാതെ പോയതും പരാജയത്തിന്റെ വലിയ കാരണങ്ങളാണ്. ഇവയില്‍ നിന്നെല്ലാം പാഠമുള്‍ക്കൊണ്ട് പൂര്‍വ്വാധികം ശക്തിയോടെ കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാനത്ത് തിരിച്ചു വരുമെന്നും ഒഐസിസി റിയാദ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയും ഉയര്‍ന്ന സാക്ഷരതയുമാണ് കേരളത്തില്‍ എല്‍ഡിഎഫിനു ഉജ്വല വിജയം സമ്മാനിച്ചതെന്നും ഓരോ വോട്ടര്‍മാരേയും അഭിനന്ദിക്കുന്നതായും ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി റിയാദ് ഘടകം പറഞ്ഞു. ഫാസിസ്റു മുന്നേറ്റത്തിന്ു തടയിടാന്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമേ സാധിക്കൂ എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അവര്‍ വിലയിരുത്തി. അഴിമതിക്കും ഹൈന്ദവ ഫാസിസത്തിനും എതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്നു നവോദയ റിയാദ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

യുഡിഎഫിനു നേരിട്ട തിരിച്ചടി പൂര്‍ണമായും അംഗീകരിക്കുന്നതായും എല്‍ഡിഎഫിനു വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചവര്‍ പൊട്ടന്‍മാരോ വിവരദോഷികളോ ആണെന്നു പറയാന്‍ സാധ്യമല്ലെന്നും പാരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള ശ്രമങ്ങളാണ് നടത്തുകയെന്നും കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അര്‍ഷുല്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ജനപ്രിയതയുടെ തേന്‍മധുരം മാത്രം പോര, നിലപാടുകളില്‍ കാര്‍ക്കശ്യമുണ്ടാകണം, എന്റെ ശൈലി ഇതാണെന്ന് പറഞ്ഞ് നിസ്സാരവത്കരിക്കാവുന്നതല്ല സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെന്നും അതിനെ നേരിടാന്‍ മതേതര ജനാധിപത്യ കക്ഷികള്‍ യോചിച്ച് മുന്നേറണമെന്നും അര്‍ഷുല്‍ അഹമ്മദ് പറഞ്ഞു.

യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങിയില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ പരാജയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികളാക്കണമെന്നും ഒഐസിസി സീനിയര്‍ വൈസ് പ്രസിഡന്റ് സലിം കളക്കര അഭിപ്രായപ്പെട്ടു. പൊന്നാനി അടക്കമുള്ള പ്രദേശങ്ങളില്‍ വിമത സ്ഥാനാര്‍ഥികള്‍ വലിയ ഭീഷണിയാണു സൃഷ്ടിച്ചതെന്നും ജനപിന്തുണയുള്ള സ്ഥാനാര്‍ഥികളെ കൂടെ നിര്‍ത്താന്‍ യുഡിഎഫിനു കഴിയാതെ പോയത് വന്‍ തിരിച്ചടിക്കു കാരണമായെന്നും പൊന്നാനി സ്വദേശി കൂടിയായ സലിം പറഞ്ഞു.

മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി സ്ഥാപക പ്രസിഡണ്ടും മുന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് റിയാദ് ഘടകം പ്രസിഡന്റുമായ എം.ടി അഷ്റഫ് കാരശേരി ഗ്രാമപഞ്ചായത്തിലേക്ക് മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ജനകീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്നും മൂസക്കുട്ടി പറഞ്ഞു.

എന്ത് സ്വജനപക്ഷപാതം കാണിച്ചാലും താന്‍ പ്രീണിപ്പിക്കുന്ന സമുദായാംഗങ്ങള്‍ തന്റെ കൂടെ നില്‍ക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഫലമെന്ന് റിയാദിലെ മുന്‍ പ്രവാസിയും മാധ്യമപ്രവര്‍ത്തകനുമായ നരേന്ദ്രന്‍ ചെറുകാട് പറഞ്ഞു. മുസ്ലിം ലീഗിനും സംഭവിച്ചത് മറ്റൊന്നല്ല. ബീഫ് ഫെസ്റ് നടത്തി മോദിഫോബിയ വോട്ടാക്കി മാറ്റാന്‍ സിപിഎമ്മിനു കഴിഞ്ഞതാണ് തിരൂരിലും കൊണ്േടാട്ടിയും അടക്കം ലീഗ് തോല്‍ക്കാന്‍ കാരണമെന്നും നരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യാ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികസന വിപ്ളവം കേരളത്തിലെ ജനങ്ങളും തിരിച്ചറിഞ്ഞു തുടങ്ങിയതാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നു സമന്വയ റിയാദ് ഭാരവാഹികള്‍ പറഞ്ഞു. രണ്ട് ചേരികളില്‍ മാത്രമായി പരമ്പരാഗതമായി വോട്ടുകള്‍ വീതിച്ചെടുത്തവര്‍ക്ക് അടിതെറ്റുന്നതിന്റെ നേര്‍ചിത്രമാണ് ഈ ജനവിധിയെന്നും അവര്‍ പറഞ്ഞു.

ബിജെപിയുടെ വളര്‍ച്ച മുന്‍കൂട്ടി കണ്ടത് പോലെയായില്ല എന്നത് ആശ്വാസകരമാണെന്നും സ്വാഭാവിക പ്രതിഫലനങ്ങള്‍ക്കപ്പുറത്തേക്ക് തെരഞ്ഞെടുപ്പു ഫലം വന്നില്ല എന്നും ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ എം. ഫൈസല്‍ ഗുരുവായൂര്‍ പറഞ്ഞു. ദേശീയതലത്തില്‍ ബിജെ.പി നിഷ്ക്രമണത്തിന്റെ സാധ്യത കാണിക്കുമ്പോള്‍ കേരളത്തിലെ ചെറിയ നേട്ടങ്ങള്‍ അതിന്റെ പാരമ്യം മാത്രമാണെന്നും ഫൈസല്‍ അഭിപ്രായപ്പെട്ടു.

അഭിനന്ദനാര്‍ഹമായ വിജയമാണ് എല്‍ഡിഎഫ് നേടിയതെന്നും എന്നാല്‍ ആശങ്ക ഒഴിഞ്ഞു മാറിയിട്ടില്ലെന്നും സിപിഐ പ്രവര്‍ത്തകനും റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ സക്കീര്‍ വടക്കുംതല അഭിപ്രായപ്പെട്ടു.

വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരേ നേടിയ ഉജ്വല വിജയമാണ് എല്‍ഡിഎഫിന്റേതെന്നും കേരളത്തില്‍ വര്‍ഗീയ ഫാസിസ്റുകള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷം മാത്രമാണുള്ളതെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പു ഫലമെന്നും എഴുത്തുകാരനായ ജോസഫ് അതിരുങ്കല്‍ പറഞ്ഞു.

വര്‍ഗീയ ശക്തികള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാടാണ് യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്നു കോണ്‍ഗ്രസ് അനുഭാവിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുഹമ്മദ് കോയ കോഴിക്കോട് അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ നല്‍കിയ അംഗീകാരത്തില്‍ അഹങ്കരിക്കാതെ ജനഹിതമറിഞ്ഞ് ഭരിക്കാന്‍ വിജയിച്ചവരും തോല്‍വിയില്‍നിന്നു പാഠമുള്‍ക്കൊണ്ട് ജനങ്ങളാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ പരമോന്നത കോടതിയെന്ന സത്യം മനനിലാക്കി പ്രവര്‍ത്തിക്കാന്‍ തോറ്റവരും തയാറാകണമെന്നും സാമൂഹ്യ പ്രവര്‍ത്തകരായ ഷിഹാബ് കൊട്ടുകാട് നോര്‍ക്ക പ്രതിനിധി, ഇബ്രാഹിം സുബ്ഹാന്‍, നാസര്‍ കാരന്തൂര്‍, ഉമ്മര്‍ വലിയപറമ്പ്, ഷക്കീല വഹാബ് എഴുത്തുകാരി, ഇ.കെ റസൂല്‍ സലാം, ഇഖ്ബാല്‍ കൊടിയത്തൂര്‍, നാസര്‍ മണ്ണാര്‍ക്കാട് തുടങ്ങിയവരും അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍