അറ്റ്ലാന്റ സീറോ മലബാര്‍ ഫൊറോന ഫാമിലി ഫെസ്റ് വന്‍വിജയം
Saturday, November 7, 2015 11:24 AM IST
അറ്റ്ലാന്റ: ഷിക്കാഗോ സീറോ മലബാര്‍ രൂപത കുടുംബവര്‍ഷമായി ആചരിക്കുന്ന 2015ലെ ഫൊറോന തലത്തിലുള്ള ആഘോഷങ്ങളുടെ ഭാഗമായി അറ്റ്ലാന്റയില്‍ നടന്ന കുടുബ സമ്മേളനം വന്‍ വിജയമായി.

അറ്റ്ലാന്റ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 നു ലോറന്‍സ് വില്‍ മൌണ്ടന്‍ വ്യൂ ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തില്‍ ഫൊറോനയിലെ അഞ്ച് ഇടവകളില്‍നിന്നായി 250 ല്‍ പരം വിശ്വാസികള്‍ പങ്കെടുത്തു.

ഷിക്കാഗോ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ ബലി അര്‍പ്പണത്തോടെ കുടുംബസമ്മേളനം ആരംഭിച്ചു. തെറ്റായ പ്രബോധനങ്ങളും വിപരീത വിശ്വാസ സാഹചര്യങ്ങളും പ്രബലമായ ഈ കാലഘട്ടത്തില്‍ വിവാഹ ജീവിതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കുവാനും ദൈവം ദാനമായി തന്ന മക്കളെ വിശ്വാസ ജീവിതത്തില്‍ വളര്‍ത്തുവാനും മാര്‍ അങ്ങാടിയത്ത് വിശ്വാസികളെ ഓര്‍മിപ്പിച്ചു. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ 25ഉം 50ഉം വിവാഹ വാര്‍ഷികം ആഘോഷിച്ച അമ്പതില്‍പരം ദമ്പതികളെയും നാലോ അതില്‍ അധികമോ മക്കളുള്ള പതിനേഴു ദമ്പതികളെയും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വേദിയില്‍ പ്രത്യേകം ആദരിച്ചു.

കുടുംബം, വിശ്വാസ ജീവിതം എന്നിവയെ ആധാരമാക്കി രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടറും പ്രൊക്യുറേറ്ററുമായ ഫാ. പോള്‍ ചാലിശേരി, വാഗ്മിയും ജീസസ് യൂത്തിലൂടെ പ്രശസ്തനുമായ ഡോ. എബ്രഹാം മാത്യു (മനോജ്) എന്നിവര്‍ നടത്തിയ പ്രഭാഷണങ്ങളും എറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്തീയ വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന സന്ദേശങ്ങളടങ്ങിയ വിവിധ സ്കിറ്റുകള്‍, നോര്‍ത്ത് കരോലിന, ലൂര്‍ദ് മാതാ ദേവാലയത്തിലെ വനിതകളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ചെണ്ടമേളം, കുട്ടികളുടെ പ്രത്യക വിനോദ പരിപാടികള്‍ എന്നിവ അരങ്ങേറി. സ്നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

അറ്റ്ലാന്റ ഫൊറോന വികാരി ഫാ. മാത്യു ഇളയടത്തുമഠം, ഫാ. ജോബി ചേലക്കുന്നേല്‍, ഫാ. ടോമി ജോസഫ്, ഫാ. ജോണ്‍ പോഴത്തുപറമ്പില്‍ എന്നിവരും സംഗമത്തിനു മേല്‍നോട്ടം വഹിച്ചു.

സമ്മേളനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ച ഫാ. മാത്യു ഇളയടത്തുമഠം, അജിത് ജോസ്, ഗ്രിഗറി ജോബ്, ജെറിഷ് അഗസ്റിന്‍ (അറ്റ്ലാന്റ), ബിജു പാറയില്‍, സാന്റി മാത്യു, ജോര്‍ജ് ജോസഫ് (നോര്‍ത്ത് കരോളിന), സനല്‍ ജോര്‍ജ് (ടെന്നസി), സെബാസ്റ്യന്‍ ജോസ് (ഷാര്‍ലറ്റ്) എന്നീ ഇടവക പ്രതിനിധികളെയും മാര്‍ അങ്ങാടിയത്ത് പ്രത്യകം പ്രശംസിച്ചു.

അറ്റ്ലാന്റ സെന്റ് അല്‍ഫോന്‍സാ ഫൊറോന ചര്‍ച്ച്, നോര്‍ത്ത് കരോളിന ലൂര്‍ദ് മാതാ ചര്‍ച്ച്, നാഷ്വില്‍, ടെന്നസി ബ്ളസ്ഡ് മദര്‍ തെരേസാ മിഷന്‍, ലൂയിസ്വില്‍, കെന്റക്കി ഡിവൈന്‍ മേഴ്സി മിഷന്‍, ഷാര്‍ലറ്റ്, നോര്‍ത്ത് കരോളിന സെന്റ് മേരീസ് മിഷന്‍ എന്നീ ഇടവകകളാണു ഫാമിലി ഫെസ്റില്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍