വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് ഞായറാഴ്ച
Saturday, November 7, 2015 11:23 AM IST
മക്ക: വിശുദ്ധ കഅബ കഴുകല്‍ ചടങ്ങ് മുഹറം 26നു (ഞായര്‍) നടക്കും. തിരു ഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ കഅബ കഴുകലിനു നേതൃത്വം നല്‍കും.

എല്ലാവര്‍ഷവും മുഹറം മാസത്തില്‍ വിശുദ്ധ കഅബ കഴുകാറുണ്ട്. കഅബയുടെ ഉള്‍ഭാഗം പനനീര്‍ ചേര്‍ത്ത സംസം വെള്ളം കൊണ്ടാണു കഴുകുക. പിന്നീട് കഅബയുടെ ഉള്‍ഭാഗത്തെ ചുമര്‍ പനിനീര്‍ വെള്ളവും മുന്തിയ ഇനം ഊദും ചേര്‍ത്ത സംസം വെള്ളം നനച്ച തുണികൊണ്ടു തുടയ്ക്കും.

ഖാലിദ് ഫൈസല്‍ രാജകുമാരനു പുറമേ ഇരു ഹറം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മക്ക ഹറം ഡയറക്ടര്‍ ഡോ. മുഹമ്മദ് ബിന്‍ നാസിര്‍ അല്‍ ഖുസൈം, കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ ആല്‍ ഷൈബ കുടുംബം, മന്ത്രിമാര്‍, പണ്ഡിതന്മാര്‍, മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങിനു നേതൃത്വം നല്‍കും.

വിശുദ്ധ കഅബ കഴുകുന്നതിനാവശ്യമായ എല്ലാ സാമഗ്രികളും ഹറം വകുപ്പു നേരത്തെ തന്നെ തയാറാക്കും. കഅബാലയം കഴുകുന്നത് പ്രവാചകരുടെ ചര്യയാണെന്നും ഹജ്ജത്തുല്‍ വിദാഇല്‍ നബി (സ്വ) തങ്ങളും സ്വഹാബികളും കഅബ കഴുകിയിട്ടുണ്െടന്നും ഇരു ഹറം മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് വ്യക്തമാക്കി.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍