'ഫാസിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പ് ഉയര്‍ന്നു വരേണ്ടത് സമൂഹത്തില്‍നിന്ന്'
Saturday, November 7, 2015 11:22 AM IST
ദോഹ: വ്യക്തിസ്വാതന്ത്യ്രത്തിനും ചിന്തകള്‍ക്കും കൂച്ചുവിലങ്ങുമായി ഫാസിസം കൊടികുത്തി വാഴുന്ന കാഴ്ചയാണ് ഇന്നു നാം കാണുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍. സംസ്കൃതി കേരളോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയും എന്ത് എഴുതണം, എന്ത് ധരിക്കണം, എന്ത് കഴിക്കണം എന്ന് ഫാസിസ്റ് സക്തികള്‍ തീരുമാനിക്കുന്ന അവസ്ഥ അത്യന്തം അപകടകരമാണ്. ഇതിനെതിരേയുള്ള ചെറുത്ത് നില്‍പ്പ് സമൂഹത്തില്‍നിന്നു ഉയര്‍ന്നുവരണമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. തന്റെ രാഷ്ട്രീയം തുറന്നു പറഞ്ഞതുകൊണ്ടു മാത്രം അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ പോയ മഹാനായ സാഹിത്യകാരനായിരുന്നു സി.വി. ശ്രീരാമന്‍. മലയാള ചെറുകഥാലോകത്ത് പകരം വയ്ക്കാനില്ലാത്ത രചനകളാണു ശ്രീരാമന്റേതെന്നും അദ്ദേഹം അനുസ്മരിച്ചു.

ഐസിസി അശോക ഹാളില്‍ തിങ്ങി നിറഞ്ഞ സദസില്‍ സംസ്കൃതി - സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്കാരം മുരളി മുദ്രയ്ക്ക് അദ്ദേഹം സമര്‍പ്പിച്ചു. അരലക്ഷം രൂപയും, പ്രശസ്തി ഫലകവുമടങ്ങിയതാണു പുരസ്കാരം.

ടി.ഡി. രാമകൃഷ്ണന്‍ അധക്ഷനും ചലച്ചിത്രകാരനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി.കെ. ശ്രീരാമന്‍, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ കെ.എ. മോഹന്‍ ദാസ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണു പുരസ്കാരം നിര്‍ണയിച്ചത്.

സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, എക്സിക്യൂട്ടീവ് അംഗവും മുന്‍ പ്രസിഡന്റുമായ ഇ.എം. സുധീര്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സംസ്കൃതി കലാകാരന്മാര്‍ അവതരിപ്പിച്ച കഥകളി, തിരുവാതിര, ഒപ്പന, സംഘനൃത്തം, സംഘഗാനം, നാടന്‍പാട്ട് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.