ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി പതിനേഴാം വാര്‍ഷികം ആഘോഷിച്ചു
Saturday, November 7, 2015 11:21 AM IST
അജ്മാന്‍: യുഎഇ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന തുംബൈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അജ്മാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയുടെ പതിനേഴാമത് വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.

1998ല്‍ ഗള്‍ഫ് മെഡിക്കല്‍ കോളജ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം ഇന്നു യുഎഇ യുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന യൂണിവേഴ്സിറ്റിയായി മാറി. മുന്നൂറ് മെഡിക്കല്‍ പഠന സീറ്റുകളിലേക്കു പ്രതിവര്‍ഷം 5000 ത്തോളം വിദ്യാര്‍ഥികളുടെ അപേക്ഷകളാണ് വിവിധ രാജ്യങ്ങളില്‍നിന്നു ലഭിക്കുന്നത്. 73 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ 23 രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാര്‍ സേവനം അനുഷ്ടിക്കുന്നു. യൂണിവേഴ്സിറ്റിയോട് അഭിലിയേറ്റ് ചെയ്ത് യുഎഇ ലെ വിവിധ എമിറേറ്റുകളില്‍ മള്‍ട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലുകളും പ്രവര്‍ത്തിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ ഗവേഷണ സജ്ജമായ മെമെഡിക്കല്‍ യൂണിവേഴ്സിറ്റിയായി വളര്‍ത്തുന്ന പദ്ധതികളാണു തുംബൈ ഗ്രൂപ്പ് ആവിഷ്കരിക്കുന്നത്.

കര്‍ണാടക വനം, പരിസ്ഥിതി മന്ത്രി രാമാനന്ദ റായ്, കര്‍ണാടക ഡെപ്യൂട്ടി കമ്മീഷണര്‍ എ.ബി. ഇബ്രാഹിം, തുംബൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബൈ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി പ്രൊവോസ്റ്റ് പ്രഫ. ഗീതാ അശോക് രാജ്, തുംബൈ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.