ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14ന്
Saturday, November 7, 2015 11:20 AM IST
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത് ദേശീയ കണ്‍വന്‍ഷന്‍ 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ കാനഡയിലെ ടൊറേന്റോയില്‍ നടത്തുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജണല്‍ കിക്ക്ഓഫ് അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ജനകീയ പിന്തുണയോടെ ഓരോ റീജണുകളിലും സംഘടിപ്പിക്കുന്ന കിക്ക്ഓഫിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

ടൊറേന്റോയിലെ കിക്ക്ഓഫ് വിജയത്തിനുശേഷം അടുത്ത കിക്ക്ഓഫ് ന്യൂയോര്‍ക്ക് റീജണില്‍ നവംബര്‍ 14നു (ശനി) രാവില 11 മുതല്‍ രാത്രി എട്ടു വരെ ന്യൂയോര്‍ക്കില്‍ (26 നോര്‍ത്ത് ട്യ്സണ്‍ അവനു ഫ്ളോറല്‍ പാര്‍ക്ക്) നടക്കുമെന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ജോസ് കാനാട് അറിയിച്ചു.

കുട്ടികളുടെ വിവിധ പ്രായത്തിലുള്ള കലാ മത്സരങ്ങളാണു ഫൊക്കാന റീജണല്‍ കിക്ക്ഓഫിനോടൊപ്പം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സോളോ സോംഗ്, സിംഗിള്‍ ഡാന്‍സ്, എലോക്കേഷന്‍ തുടങ്ങി നിരവധി മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയാണു കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്.

കുട്ടികള്‍, ചെറുപ്പക്കാര്‍, വനിതകള്‍ തുടങ്ങി ആബാലവൃദ്ധം ജനങ്ങളെയും ഫോക്കാനയ്ക്കൊപ്പം കൂട്ടി. അവര്‍ക്ക് അവസരങ്ങള്‍ നല്‍കി, അവരെ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കുകയും താരങ്ങളാക്കുകയും ചെയ്യുന്നു. അവിടെയാണ് ഫൊക്കാന എന്ന ഫ്ളാറ്റ്ഫോമിന്റെ പ്രസക്തി. വളര്‍ന്നു വരുന്ന നമ്മുടെ കുട്ടികള്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണു ഫൊക്കാന റീജണല്‍ കലാ മത്സരങ്ങളുടെ ഉദ്ദേശ്യം.

ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഏവരേയും സമ്മേളനത്തിലേക്കു ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്, സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍