കലാകാരനോടു രാജ്യം വിട്ടുപോകുവാന്‍ പറയുന്നത് ശുദ്ധ മണ്ടത്തരം: പൃഥ്വിരാജ്
Friday, November 6, 2015 8:32 AM IST
കുവൈത്ത്: ജീവിതം കലാതപസ്യയാക്കിയ കലാകാരന്മാരോടു രാജ്യം വിട്ടുപോകുവാന്‍ പറയുന്നത് ശുദ്ധ മണ്ടത്തരമാണന്ന് പ്രശസ്ത മലയാള സിനിമാനടന്‍ പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. കെജിഎ ബാനറില്‍ പ്രവാസി ദുരിതത്തിന്റെ അതിജീവനത്തിന്റെ കഥയുമായി പുറത്തുവന്ന ബെന്യാമിന്റെ 'ആടുജീവിതം' സിനിമയാക്കുന്നതിന്റെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് കൈമോശം വന്നിട്ടില്ലാത്ത സംസ്കാരമുള്ളവരാര്‍ക്കും ഇത്തരമൊരു പ്രസ്താവനയോടു യോജിക്കുവാന്‍ സാധിക്കുകയില്ല. പുരസ്കാരങ്ങള്‍ തിരിച്ചുകൊടുക്കുവാനുള്ള പൂര്‍ണ സ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ട്. വലിയ അവാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ത്തന്നെ അത്തരമൊരു ദശാസന്ധി തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ ചൂരുള്ള സിനിമകള്‍ സമ്മാനിച്ച ബ്ളെസിയുടെ സംവിധാനത്തില്‍ അണിഞ്ഞൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് എന്‍ബിറ്റിസി മേധാവി കെ.ജി ഏബ്രഹാമും ബ്ളെസിയും അറിയിച്ചു. വിവിധ ഭാഷകളിലായി നിര്‍മിക്കുന്ന 3ഡി ബിഗ് ബജറ്റ് ചിത്രത്തില്‍ ഇന്ത്യയിലെയും ഹോളിവുഡിലെയും പ്രശസ്തരായ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും സഹകരിക്കുമെന്നു സംവിധായകന്‍ ബ്ളെസി പറഞ്ഞു.

മലയാള വായന സമൂഹം ഹൃദയത്തിലേറ്റു വാങ്ങിയ ആട് ജീവിതം സിനിമയാക്കുന്നത് ദുഷ്കരമായ പ്രവൃത്തിയാണെങ്കിലും അതിലെ വെല്ലുവിളികള്‍ ഏറ്റുടുക്കുവാന്‍ തയാറായതുകൊണ്ടാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മരുഭൂമിയുടെ വ്യത്യസ്തമായ ഭാവങ്ങളും നജീബിന്റെ വേദനകളും യാതനകളും ഏകാന്തതയും ഉള്ളു നോവുന്ന അനുഭവങ്ങളും മണല്‍ കാറ്റിന്റെ ചൂടും സൃഷ്ടിക്കപ്പെടുന്ന അതിജീവനത്തിന്റെ ദൃശ്യ പുനഃസൃഷ്ടിയാണ് ആട് ജീവതത്തിലൂടെ ഉദ്ദേശിക്കുന്നതന്ന് ബ്ളെസി കൂട്ടിച്ചേര്‍ത്തു. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണു പതിനഞ്ച് മാസം നീളുന്ന ചിത്രീകരണം നടക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എന്‍ബിറ്റിസി മേധാവി കെ.ജി. ഏബ്രഹാം, സംവിധായകന്‍ ബ്ളെസി, പൃഥ്വിരാജ് എന്നിവര്‍ പങ്കെടുത്തു. കാഴ്ച, തന്മാത്ര, ഭ്രമരം, പ്രണയം, കളിമണ്ണ് എന്നിവ പോലെ മറ്റൊരു ബ്ളെസി മാജിക്കിനായി കാത്തിരിക്കുകയാണ് പ്രേക്ഷകസമൂഹം. 2018ല്‍ സിനിമ റിലീസാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍