ഏകദിന സെമിനാര്‍ നവംബര്‍ ഏഴിന്
Thursday, November 5, 2015 9:51 AM IST
ന്യൂജേഴ്സി: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന നോര്‍ത്തേണ്‍ റീജണ്‍ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും സംയുക്ത ഏകദിന സെമിനാര്‍ നവംബര്‍ ഏഴിനു (ശനി) ന്യൂജേഴ്സി ഭദ്രാസന ആസ്ഥാനത്ത് യല്‍ദോ മാര്‍ തീത്തോസ്, പൌലോസ് മാര്‍ ഐറേനിയോസ് എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കും.

രാവിലെ ഒമ്പതിനു ആരംഭിക്കുന്ന കൂട്ടായ്മയില്‍ യല്‍ദോ മാര്‍ തീത്തോസ് അധ്യക്ഷത വഹിക്കും. പൌലോസ് മാര്‍ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഷെവലിയര്‍ ഏബ്രഹാം മാത്യു (സെക്രട്ടറി, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ്) സ്വാഗതം ആശംസിക്കും.

പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍ സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍ (കൊലസ്യര്‍: 4-2) എന്നതാണു പ്രധാന ചിന്താവിഷയം.

ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ പ്രാര്‍ഥനയോടും സ്തോത്രത്തോടും കൂടെ വെല്ലുവിളികളെ നേരിടാനും അതിജീവിക്കുവാനും ഓരോ ക്രിസ്ത്യാനിയും ഒരുങ്ങിയിരിക്കണമെന്ന ക്രൈസ്തവ സന്ദേശം ഓര്‍മിച്ചുകൊണ്ട് പ്രഖുമ വചന പ്രഘോഷകന്‍ റവ. കുര്യാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്കോപ്പ ക്ളാസെടുക്കും.

മര്‍ത്തമറിയം വനിതാ സമാജത്തിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും ഭാവി പ്രവര്‍ത്തന പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മിലന്‍ റോയി, സൂസന്‍ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്‍കും. വിവിധ ദേവാലയങ്ങളിലെ ഗായകസംഘം ആലപിക്കുന്ന ഗാനങ്ങള്‍ പരിപാടിയെ ഭക്തിസാന്ദ്രമാക്കും. ബീന റോയി നന്ദി പറയും.

റീജണിലെ വിവിധ ദേവാലയങ്ങളില്‍നിന്നെത്തുന്ന പ്രവര്‍ത്തകര്‍ക്ക് ആത്മീയ വിരുന്നില്‍ സംബന്ധിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി സംഘടാകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍