കേരളപ്പിറവിയും മലയാളം സ്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു
Thursday, November 5, 2015 9:49 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ എസ്എംസിസിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 13 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മലയാളം സ്കൂളിന്റെ വാര്‍ഷികവും കേരളപ്പിറവി ദിനാഘോഷങ്ങളും സംയുക്തമായി വിവിധ പരിപാടികളോടെ ആഘോഷിച്ചു.

നവംബര്‍ ഒന്നിനു (ഞായര്‍) നടന്ന പരിപാടിയില്‍ പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ ജോസുകുട്ടി വലിയകല്ലുങ്കല്‍ മുഖ്യാതിഥായായിരുന്നു. അറിവിന്റെ പുതിയ ലോകത്തേയ്ക്ക് കടന്നുവന്ന കുരുന്നുകളെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു. മുഖ്യാതിഥി ജോസുകുട്ടി വലിയകല്ലുങ്കല്‍ കേരളപ്പിറവിയുടെ സന്ദേശം നല്‍കി. ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മലയാളം സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോജോ ഒഴുകയില്‍ സ്കൂളിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചെണ്ടമേളവും ചടങ്ങിനു മാറ്റുകൂട്ടി. എസ്എംസി പ്രസിഡന്റ് ഷാജി സഖറിയ സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഷൈജു കളത്തില്‍ നന്ദിയും പറഞ്ഞു.

മേരിക്കുട്ടി തെള്ളിയങ്കല്‍, സിസിലി കൂവള്ളൂര്‍, ജോസി പൈലി, എല്‍ദോ കുരുന്നപ്പള്ളി, രജനി പ്രിന്‍സ്, ആന്‍മേരി വേളാങ്കേരി, അതുല്‍ പടിഞ്ഞാറേക്കളം, ആന്റണി ചാവറ, റോസിലിന്‍ തെള്ളിയാങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി