വനിതാ തര്‍ഹീലില്‍ നിന്നും ഹൈദരാബാദ് സ്വദേശിനി നവയുഗം സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി
Thursday, November 5, 2015 6:37 AM IST
ദമാം: ശമ്പളം ലഭിക്കാതെ കഷ്ടപ്പെട്ട ഹൈദരാബാദ് സ്വദേശിനി വനിതാ തര്‍ഹീലില്‍ നിന്നും നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്കു മടങ്ങി. ഹൈദരാബാദ് സ്വദേശിനിയായ സുല്‍ത്താന ഷാജഹാന്‍ നാലു മാസങ്ങള്‍ക്കു മുമ്പാണു ജുബൈലില്‍ ഒരു വീട്ടില്‍ ജോലിക്കായി എത്തിയത്. സ്പോണ്‍സര്‍ പിന്നീടു സുല്‍ത്താനയെ ദമാമിലെ ഒരു വീട്ടില്‍ ജോലിയ്ക്ക് കൊണ്ടാക്കി. മൂന്നു മാസത്തോളം രാപകല്‍ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടിയില്ല. സുല്‍ത്താനയെ ജോലിക്ക് കൊണ്ടുവരാന്‍ വിസയ്ക്കും മറ്റുമായി തനിക്ക് ചിലവായ തുക മുതലാക്കിയ ശേഷമേ ശമ്പളം തരുകയുള്ളൂ എന്ന നിലപാടിലായിരുന്നു സ്പോണ്‍സര്‍. തുടര്‍ന്നു കുടിശിക ശമ്പളം കിട്ടാതെ ജോലി ചെയ്യില്ല എന്ന ശക്തമായ നിലപാടാണു സുല്‍ത്താന സ്വീകരിച്ചത്. തര്‍ക്കം കൂടിയപ്പോള്‍ സ്പോണ്‍സര്‍ തന്നെ, സുല്‍ത്താനയെ വനിതാ തര്‍ഹീലില്‍ കൊണ്ടു ചെന്നാക്കി. ഒരു മാസത്തോളം സുല്‍ത്താനയ്ക്ക് അവിടെ കഴിയേണ്ടി വന്നു.

വനിതാ തര്‍ഹീല്‍ സന്ദര്‍ശിച്ച നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനെ സുല്‍ത്താന വിവരം അറിയുക്കുകയും തുടര്‍ന്ന് മഞ്ജു സുല്‍ത്താനയുടെ സ്പോണ്‍സറുമായി സംസാരിയ്ക്കുകയും, എക്സിറ്റ് നല്‍കാമെന്ന് സ്പോണ്‍സര്‍ സമ്മതിക്കുകയും ചെയ്തു. നവയുഗത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം സണ്‍ഷൈന്‍ സ്കൂള്‍ അധികൃതര്‍ സുല്‍ത്താനയ്ക്ക് വിമാന ടിക്കറ്റ് നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം