സിനിമാഗാനങ്ങളും നൃത്തങ്ങളും അധികവും വെറും വെടിയും പുകയും: എ.സി. ജോര്‍ജ്
Wednesday, November 4, 2015 8:08 AM IST
ഹൂസ്റണ്‍: ഇന്നത്തെ ഇടിവെട്ടു തട്ടുപൊളിപ്പന്‍ ശബ്ദകോലാഹല കൂട്ട ഉറഞ്ഞുതുള്ളല്‍ നൃത്തഗാനങ്ങള്‍ വെറും അല്‍പ്പായുസുകളാണ്. മനുഷ്യന്റെ വ്യക്തിജീവിതമോ സാമൂഹ്യജീവിതമോ ആയി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം നൃത്തങ്ങളും ഗാനങ്ങളും പ്രേക്ഷകമനസുകളില്‍ അധികകാലം നിലനില്‍ക്കുകയില്ലെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും സംഘാടകനുമായ എ.സി. ജോര്‍ജ്. ഗ്രെയിറ്റര്‍ ഹൂസ്റണില്‍ കേരള റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സമ്മേളനത്തില്‍ 'ഇന്നത്തെ മലയാള സിനിമാ ഗാനങ്ങളും നൃത്തങ്ങളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സിനിമാഗാനങ്ങള്‍ അര്‍ഥമോ ആശയമോ ഇല്ലാത്ത കുറച്ചു പദങ്ങളും ഗദ്യങ്ങളും ചേര്‍ത്തുവച്ച് ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ അതിപ്രസരത്തോടെ തൊള്ളതൊരപ്പന്‍ കൂവല്‍ ശബ്ദത്തോടെ പാടുന്നു. അതിനു അകമ്പടിയായി നൂറു കണക്കിനു ആട്ടക്കാര്‍ വിവിധ കളര്‍ ലൈറ്റിംഗ് സെറ്റപ്പോടെ അവരുടെ മുഖമോ, മുഖത്തെ മിന്നിമായുന്ന ഭാവങ്ങളോ ഒന്നും കാണികള്‍ക്ക് ദൃശ്യമാകാത്ത വിധം ഉറഞ്ഞുതുള്ളിയാല്‍ അത് യഥാര്‍ഥ സിനിമാ ഗാനമാകുമോ? സിനിമാ നൃത്തമാകുമോ? പ്രേക്ഷക മനസില്‍ അവയെല്ലാം എത്രകാലം തങ്ങി നില്‍ക്കും? പ്രഭാഷകനായ ജോര്‍ജ് ചോദിച്ചു.

പ്രമുഖ ചെറുകഥാകൃത്തായ ജോസഫ് തച്ചാറ എഴുതിയ 'വിശുദ്ധ അന്നമ്മ' എന്ന ചെറുകഥ കഥാകൃത്ത്തന്നെ വായിച്ചു. മധ്യ കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബാന്തരീക്ഷത്തെ ആധാരമാക്കി രചിച്ച കഥയില്‍ മരണവും മരണാനന്തര ജീവിതവും കഥയിലെ അഭിനേത്രിയായ അന്നമ്മയുടെ വിശുദ്ധിയും അതിന്റെ പരിമണവും നിറഞ്ഞുനിന്നു.

സാഹിത്യകാരനായ ജോണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഗ്രേയിറ്റര്‍ ഹൂസ്റണിലെ സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരായ മാത്യു മത്തായി, ജോസഫ് മണ്ഡപം, ഡോ. സണ്ണി എഴുമറ്റൂര്‍, മാത്യു നെല്ലിക്കുന്ന്, പി.സി. ജേക്കബ്, ബോബി മാത്യു, ഗ്രേസി നെല്ലിക്കുന്ന്, ബാബു കുരവക്കല്‍, ജോസഫ് പൊന്നോലി, പീറ്റര്‍ ജി. പൌലോസ്, ഈശോ ജേക്കബ്, ദേവരാജ് കാരാവള്ളില്‍ തുടങ്ങിയവര്‍ മുഖ്യ പ്രഭാഷകന്‍ അവതരിപ്പിച്ച വിഷയത്തേയും സമ്മേളനത്തില്‍ വായിച്ച ചെറുകഥയേയും വിലയിരുത്തി അഭിപ്രായ പ്രകടനങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍