ഇന്ത്യന്‍ വംശജര്‍ ഒപ്പിട്ടു നല്‍കിയ നിവേദനം ജഡ്ജി തള്ളി
Wednesday, November 4, 2015 8:08 AM IST
ബര്‍ഗന്‍ കൌണ്ടി (ന്യൂജേഴ്സി): ന്യൂജേഴ്സി പ്രദേശങ്ങളിലുള്ള വിവിധ സിനഗോഗുകളെ ലക്ഷ്യമാക്കി ഫയര്‍ ബോംബിംഗ് നടത്തിയതിന്റെ പിന്നില്‍ മുഖ്യസൂത്രധാരകനായി പ്രവര്‍ത്തിച്ചുവെന്നു പോലീസ് ആരോപിക്കുന്ന ഇന്ത്യന്‍ വംശജനും റഡ്ജേഴ്സ് യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ഥിയുമായ ആകാശ് ദലാലിന്റെ ജാമ്യസംഖ്യ നാലു മില്യണ്‍ ഡോളറില്‍നിന്ന് ഒരു മില്യനാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആകാശിന്റെ വക്കീല്‍ നല്‍കിയ ഹര്‍ജി ഹഡ്സണ്‍ കൌണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി ജോസഫ് ഈസബെല്ല തള്ളി.

ഇന്ത്യന്‍ സമൂഹം സംഘടിതമായി സമാഹരിച്ച അയ്യായിരം ഒപ്പുകള്‍ ഉള്‍പ്പെടുന്ന നിവേദനം ആകാശിന്റെ വക്കീല്‍ ഒക്ടോബര്‍ 30നു കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു കോടതി പരിഗണിച്ചില്ല. കേസില്‍ അറസ്റിലായ ആകാശ് 2012 മുതല്‍ തടവിലാണ്.

ആകാശും ഏറ്റണി ഗ്രാസിയാനോ എന്ന യുവാവും സിനഗോഗ് ആക്രമിക്കുന്നതിനു ഗൂഢാലോചന നടത്തിയതായും ഫയര്‍ ബോംബ് ഉണ്ടാക്കുന്നതിനുള്ള ലായനി രൂപപ്പെടുത്തിയതായും പോലീസ് കണ്െടത്തിയിരുന്നു. ആകാശിന്റെ മുറിയില്‍ പരിശോധന നടത്തിയ പോലീസ് ബെര്‍ഗന്‍ കൌണ്ടി അസിസ്റന്റ് പ്രോസിക്യൂട്ടറെ വധിക്കുമെന്നു കുറിപ്പും വകവരുത്തേണ്ട ശത്രുക്കളുടെ ഒരു ലിസ്റും കണ്െടടുത്തു.

2016 മേയില്‍ വിചാരണ ആരംഭിക്കുന്നതുവരെ ആകാശിനു ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയേണ്ടിവരും. കുറ്റം തെളിഞ്ഞാല്‍ 90 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പോലീസ് ആകാശിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍