ഷിക്കാഗോയില്‍ കുളത്തുവയല്‍ ധ്യാനം അനുഗ്രഹദായകമായി
Wednesday, November 4, 2015 7:13 AM IST
ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലില്‍ കുളത്തുവയല്‍ നിര്‍മ്മല ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ മാസത്തില്‍ നടന്ന ആന്തരിക സൌഖ്യധ്യാനം അനുഗ്രഹപ്രദമായി. റവ.ഡോ. തോമസ് കൊച്ചുകരോട്ട് (ഡയറക്ടര്‍, ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട്, തലശേരി), സി. ടെസിന്‍ പെരുമാലില്‍ എംഎസ്എംഐ (ഡയറക്ടര്‍, നിര്‍മ്മല ധ്യാനകേന്ദ്രം), സി. ഫില്‍സി പൂവംതുരുത്തില്‍ എംഎസ്എംഐ എന്നിവര്‍ ധ്യാന ശുശ്രൂഷകള്‍ നടത്തി. ധ്യാനത്തോടനുബന്ധിച്ച് കൌണ്‍സിലിംഗ്, സ്പിരിച്വല്‍ ഷെയറിംഗ്, ഭവന സന്ദര്‍ശനങ്ങള്‍ എന്നിവ നടന്നു. രണ്ടാഴ്ച നീണ്ടുനിന്ന പരിശീലന ക്ളാസുകളില്‍ 40-ഓളം ആളുകള്‍ പങ്കെടുത്തു. മൂന്നു ആഴ്ചകളായി നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ ഇരുനൂറിലധികം കുടുംബങ്ങള്‍ക്ക് ആത്മീയ പങ്കുവെയ്ക്കലിനുള്ള അവസരമുണ്ടായി.

കോഴിക്കോട് ജില്ലയിലെ കുളത്തുവയല്‍ നിര്‍മ്മല ധ്യാനകേന്ദ്രം 1980-കളില്‍ മോണ്‍സിഞ്ഞോര്‍ ഫാ. സി.ജെ. വര്‍ക്കി ആരംഭിച്ചതാണ്. മിഷണറി സിസ്റേഴ്സ് ഓഫ് ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) അഥവാ വിമലാലയം സിസ്റേഴ്സ് എന്ന മരിയന്‍ ഭക്തിയിലുറച്ച സഭയുടെ ആരംഭവും ആസ്ഥാനവും കുളത്തുവയലിലാണ്. എല്ലാ ആഴ്ചയും ഓരോ ആഴ്ചവീതം നീണ്ടുനില്‍ക്കുന്ന ആന്തരിക സൌഖ്യധ്യാനം, ക്രിസ്റീന്‍ ധ്യാനം, ഏയഞ്ചല്‍ റിട്രീറ്റ്, രോഗശാന്തി പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ പ്രത്യേക നിയോഗ ധ്യാനങ്ങള്‍ ഇവിടെ നടക്കുന്നു.

സീറോ മലബാര്‍ കത്തീഡ്രലില്‍ ഒരുമാസത്തോളം നീണ്ടുനിന്ന ശുശ്രൂഷ ഇടവക ജനത്തിന് ഏറെ ആശ്വാസമേകുന്ന ഒന്നായി മാറിയതില്‍ സന്തോഷിക്കുന്നുവെന്നും, ധ്യാന ടീമിന് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നതായും ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പിലും, അസി. വികാരി ഫാ. സെബി ചിറ്റിലപ്പള്ളിയും പറയുകയുണ്ടായി. അനേകം പേരുടെ ആത്മാര്‍ത്ഥപരിശ്രമവും പ്രാര്‍ത്ഥനയും ഈ ധ്യാനവിജയത്തിനു പിന്നിലുണ്ടായിരുന്നു. ബീന വള്ളിക്കളം അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം