ഡോ. ഏലിയാസിനു അറ്റ്ലാന്റയില്‍ സ്വീകരണം
Tuesday, November 3, 2015 10:01 AM IST
അറ്റ്ലാന്റ: ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഏലിയാസ് തോമസിനു നവംബര്‍ 13നു (വെള്ളി) അറ്റ്ലാന്റായില്‍ സ്വീകരണം നല്‍കും. ലില്‍ബണ്‍ സായ് റസ്ററന്റില്‍ വൈകുന്നേരം ഏഴിനു വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം.

ലോക ഡന്റല്‍ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഡോ. ഏലിയാസ് തൊടുപുഴ സണ്ണി ഡന്റല്‍ ക്ളിനിക്കില്‍ ഇരുപത് വര്‍ഷത്തിലേറെയായി ഡന്റല്‍ സര്‍ജനായി സേവനമനുഷ്ഠിക്കുകയാണ്. ഗ്രേറ്റര്‍ അറ്റ്ലാന്റ മലയാളി അസോസിയേഷന്‍, വേള്‍ഡ് മലയാളി അസോസിയേഷന്‍, വേള്‍ഡ് മലയാളി കൌണ്‍സില്‍ അറ്റ്ലാന്റ ഘടകം, ഫ്രണ്ട്സ് ഓഫ് തൊടുപുഴ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം.

1991 ല്‍ രൂപീകൃതമായ ഇന്ത്യന്‍ ഡന്റല്‍ അസോസിയേഷന്‍ മലനാട് ശാഖയുടെ ചാര്‍ട്ടര്‍ മെംബര്‍മാരിലൊരാളായ ഡോ. ഏലിയാസ് 1993 മുതല്‍ 1998 വരെ ഈ ശാഖയുടെ ഓണറബിള്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഐഡിഎ കേരള ഘടകത്തിന്റെ ഓണറബിള്‍ സെക്രട്ടറിയായി 1999 ല്‍ തെരഞ്ഞെടുക്കപ്പെട്ട ഡോ. ഏലിയാസ് അഞ്ചു വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ഠിച്ചു. മൂന്നാറില്‍ 1999ല്‍ നടത്തിയ ഡന്റല്‍ ഫെസ്റിന്റെ മുഖ്യ സംഘാടകനായിരുന്ന ഡോ. ഏലിയാസ് 2004 ല്‍ ഐഡിഎ കേരള ഘടകം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നാഗ്പൂരില്‍ 2008 ല്‍ നടന്ന 62-ാമത് ഇന്ത്യന്‍ ഡന്റല്‍ കോണ്‍ഫറന്‍സിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഡോ. ഏലിയാസ് 2009 ല്‍ സംഘടനയുടെ ദേശീയ ഉപാധ്യക്ഷനായും 2014 ല്‍ ഒക്ടോബറില്‍ ദേശീയ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.

റോട്ടറി, ജേസീസ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവര്‍ത്തകനായ ഡോ. ഏലിയാസ് മൂവാറ്റുപുഴ റോട്ടറി, തൊടുപുഴ ജേസീസ് എന്നിവയുടെ പ്രസിഡന്റായും റോട്ടറി ഇന്റര്‍ നാഷണല്‍ അസിസ്റന്റ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ നിരവധി പുരസ്ക്കാരങ്ങളും ദന്തല്‍ സേവന രംഗത്തെ മികവിനു വിവിധ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

സണ്ണി ഡന്റല്‍ ക്ളീനിക്കില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന ഭാര്യ മെര്‍ലിനൊപ്പം അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഡോ. ഏലിയാസ് 15 നു നാട്ടിലേക്കു മടങ്ങും. അഞ്ജന, അലീഷ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍