ഫൊക്കാന മലയാളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയും ഭാഷയ്ക്കൊരു ഡോളര്‍ പദ്ധതിയും
Tuesday, November 3, 2015 10:00 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നില്‍ അന്നത്തെ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്ന പ്രധാനലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവുമായിരുന്നു. ഏതൊരു ജനതയുടെയും സാമൂഹികവും സാംസ്കാരികവുമായ വികസനം സാധ്യമാകുന്നത് മാതൃഭാഷാധിഷ്ടിതമായ വിദ്യാഭ്യാസത്തിലൂടെയാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യ സംഘടന എന്ന നിലയില്‍ ഫൊക്കാനക്ക് മലയാള ഭാഷയുടെ വികസനത്തിനും മലയാളി ഉള്ളടത്തെല്ലാം മലയാള ഭാഷ എത്തണമെന്ന ആഗ്രഹവും നിര്‍ബന്ധമാണ്.

സ്വന്തം ഭാഷ നഷ്ടമാകുന്ന ഒരു തലമുറയ്ക്ക് സംസ്കാരവും മാനുഷികമൂല്യവും അപ്രാപ്യമായ ഒന്നായി മാറുന്നു. നാശോന്മുഖമായ അവസ്ഥയില്‍ നിന്ന് ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കുക എന്നത് ഇനിയും മാനവികത നഷ്ട്ടപെട്ടിട്ടില്ലാത്ത സമൂഹത്തിന്റെ കടമയാണെന്ന ബോധം ഉള്‍ക്കൊണ്ടാണ് മലയാള ഭാഷയെ സ്നേഹിക്കുന്നവരുടെ കൂട്ടയ്മകൂടിയായ ഫോക്കാന 'ഭാഷയ്ക്കൊരു ഡോളര്‍' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

ഉപരി പഠനം തെരഞ്ഞെടുക്കുമ്പോള്‍ എംഎ മലയാളത്തിനു ചേരുന്നവരുടെ എണ്ണം കുറവായിരുന്ന സമയത്താണ് ഫോക്കാന 'ഭാഷയ്ക്കൊരു ഡോളര്‍' പദ്ധതിക്കു തുടക്കം കുറിക്കുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലേയും എംഎ മലയാളത്തിനു ഒന്നാം റാങ്ക് വാങ്ങുന്ന കുട്ടികള്‍ക്ക് പതിനായിരം രൂപ വീതം അടങ്ങുന്ന കാഷ് അവാര്‍ഡായിരുന്നു ഭാഷയ്ക്കൊരു ഡോളറിന്റെ ആദ്യ രൂപം. നിരവധി വര്‍ഷങ്ങളിലായി നൂറുകണക്കിനു കുട്ടികള്‍ക്ക് ഈ പുരസ്കാരം നല്‍കാന്‍ ഫൊക്കാനയ്ക്കു സാധിച്ചു. അതുപോലെ തന്നെ മലയാളത്തിലെ മികച്ച ഗവേഷണ പ്രബദ്ധത്തിനു അമ്പതിനായിരം രൂപ അടങ്ങുന്ന പുരസ്കാരം നല്‍കുന്നു. കേരള യൂണിവേഴ്സിറ്റി ആണ് ഫോക്കാനയ്ക്കുവേണ്ടി പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്നത്.

അമേരിക്കയിലെ ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ വേദികളില്‍ തയാറാക്കി വയ്ക്കുന്ന ഭാഷയ്ക്കൊരു ഡോളര്‍ ബോക്സില്‍ നിക്ഷേപിക്കുന്ന മലയാളികളുടെ നിക്ഷേപമാണ് പദ്ധതിക്കായി ഉപയോഗിക്കുക. പദ്ധതിക്കു തുടക്കം കുറിച്ച ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റ് ഡോ. എം. അനിരുദ്ധന്‍, ഡോ. എം.വി. പിള്ള, ഡോ. പാര്‍ഥസാരഥി പിള്ള, സണ്ണി വൈക്ളിഫ് തുടങ്ങിയവരുടെ പങ്ക് എടുത്തുപറയേണ്ടതാണ്.

ഏതൊരു പോരാട്ടവും ഉജ്ജ്വലവും സര്‍ഗാത്മകവും ആയി നയിക്കുവാന്‍ കഴിയുന്നത് വിദ്യാര്‍ഥി സമൂഹത്തിനാണെന്ന തിരിച്ചറിവായിരുന്നു 'ഭാഷയ്ക്കൊരു ഡോളര്‍' പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം.