കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി സൌജന്യ മെഡിക്കല്‍ ക്യാമ്പ്
Tuesday, November 3, 2015 10:00 AM IST
കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന്റെ സഹകരണത്തോടെ അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന സൌജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു. മഹിളാവേദി പ്രസിഡന്റ് റീജാ സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. വിനോദ് ഗ്രോവര്‍, അസോസിയേഷന്‍ പ്രസിഡന്റ് രാംദാസ് ചിലമ്പന്‍, രക്ഷാധികാരികളായ ഷബീര്‍ മണ്െടാളി, ഇ. രാജഗോപാലന്‍, മഹിളാവേദി സെക്രട്ടറി ഷാഗി റാണി ഭരതന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ക്യാമ്പില്‍ സഹകരിച്ച സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള മൊമെന്റോകള്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ടി.കെ. നജീബ്, രാജഗോപാലന്‍ എന്നിവര്‍ ഐഡിഎഫ് പ്രസിഡന്റ്, സിറ്റി ഗ്രൂപ്പ് കമ്പനി എച്ച്.ആര്‍ ഹെഡ് മുബാറക്, ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ എന്നിവര്‍ക്കു നല്‍കി.

ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍, അസോസിയേഷന്‍ നേതൃത്വത്തിനോടൊപ്പം ക്യാമ്പ് സന്ദര്‍ശനം നടത്തി. രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ നടന്ന ക്യാമ്പ്, ആരോഗ്യ രംഗത്ത് അസോസിയേഷന്‍ തുടര്‍ച്ചയായി ഇതു രണ്ടാം വര്‍ഷമാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മഹിളാവേദി പ്രവര്‍ത്തകരെ കൂടാതെ ബാലവേദി പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യവും ഉണ്ടായിരുന്നു.

ജനറല്‍ മെഡിസിന്‍, ഗാസ്ട്രോഎട്രോളജി, ഇഎന്‍ടി, പീഡിയട്രിക്, കാര്‍ഡിയോളജി, റേഡിയോളജി, ഓര്‍ത്തോളജി, ഗൈനക്കോളജി, ഡര്‍മറ്റോളജി, യൂറോളജി, ഒഫ്താല്‍മോളജി, ഓങ്കോളജി, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 40 ഓളം ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമായിരുന്നു. പരിപാടിക്കു ജനറല്‍ കണ്‍വീനര്‍ ജ്യോതി സ്വാഗതവും മഹിളാവേദി ട്രഷറര്‍ ടി. രേഖ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍