മതത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ മനുഷ്യ സ്നേഹികള്‍ ഒന്നിക്കണം: കെ.പി. രാമനുണ്ണി
Tuesday, November 3, 2015 9:59 AM IST
കുവൈത്ത്: മതത്തെ മറയാക്കിയും ദുരുപയോഗം ചെയ്തും മാനവികതയ്ക്കു ഭീഷണിയാവുന്ന ഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ മനുഷ്യ സ്നേഹികള്‍ ഒന്നിക്കണമെന്നും ഇതിനു മത സമൂഹങ്ങള്‍ തന്നെ മുന്നില്‍ നില്‍ക്കണമെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി. 'മതം ഭീകരതയല്ല: സമാധാനം' എന്ന തലക്കെട്ടില്‍ കെഐജി നടത്തുന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഫാസിസത്തിനും വര്‍ഗീയതയ്ക്കുമെതിരായ ബഹുജന സമ്മേളനം അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമം മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. സങ്കുചിത ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട പ്രസ്ഥാനങ്ങള്‍ തകര്‍ന്നടിയുകതന്നെ ചെയ്യുമെന്ന് ഹിറ്റ്ലറുടെയും മുസോളിനിയുടെയും ചരിത്രം എടുത്തുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

സ്വാതന്ത്യ്രത്തെ ഹനിച്ചും മതേതര മൂല്യങ്ങളെ അവഗണിച്ചും മാതൃ രാജ്യത്തു വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസ്റ് നീക്കങ്ങള്‍ക്കെതിരെ സമ്മേളനത്തില്‍ പങ്കെടുത്ത കുവൈത്തിലെ മലയാളികള്‍ ഒന്നിച്ചു കൈകോര്‍ത്തുനിന്നു പ്രതിജ്ഞ ചൊല്ലിയത് പുതുമയുള്ള അനുഭവമായി. രാജ്യത്തിന്റെ ഐക്യവും ഭദ്രതയും തകര്‍ക്കുന്ന ഛിദ്ര ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി പടപൊരുതുമെന്നും ശക്തമായി പടയണി തീര്‍ക്കുമെന്നും പ്രതിജ്ഞയില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പു നല്‍കി. പ്രതിജ്ഞക്ക് കെഐജി വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി നേതൃതം നല്‍കി.

മാധ്യമം എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം, കെഐജി പ്രസിഡന്റ് കെ. എ. സുബൈര്‍, തോമസ് മാത്യു കടവില്‍, കൃഷ്ണന്‍ കടലുണ്ടി, ചാക്കോ ജോര്‍ജുകുട്ടി, അനിയന്‍കുഞ്ഞ്, അബൂബക്കര്‍, ഹംസ പയ്യന്നുര്‍, സിദ്ധീഖ് വലിയകത്ത്, എം.ടി. മുഹമ്മദ്, അബ്ദുള്‍ ഫതാഹ് തൈയില്‍, ഇഖ്ബാല്‍ കുട്ടമംഗലം, സഫീര്‍ പി. ഹാരിസ്, എന്‍.എ. മുനീര്‍, അപ്സര മഹ്മൂദ്, മുഹമ്മദ് റിയാസ്, സത്താര്‍ കുന്നില്‍, അന്‍വര്‍ സയിദ്, എന്‍. അബ്ദുള്‍ മജീദ്, ഷബീര്‍ മണ്േടാളി, മുഹമ്മദ് റാഫി, അഫ്സല്‍ ഖാന്‍, ഹമീദ് മാത്തൂര്‍, റഫീഖ് ബാബു, എസ്.എ.പി. ആസാദ്, സക്കീര്‍ ഹുസൈന്‍ തുവൂര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. നൌഷാദ് ഇബ്രാഹിം ഗാനാലാപനവും കെ.വി. നൌഫല്‍ കവിതാലാപനവും നടത്തി. സമ്മേളനത്തില്‍ കെഐജി പ്രസിഡന്റ് കെ.എ. സുബൈര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവൂര്‍ സ്വഗതവും ജനറല്‍ സെക്രട്ടറി എസ്.എ.പി. ആസാദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍