ദുബായി: വടക്കാഞ്ചേരി സുഹൃത്ത് സംഘം ഒക്ടോബര്‍ 30നു രാവിലെ 10 മുതല്‍ വിപുലമായ പരിപാടികളോടെ 'ഓണനിലാവ് 2015' ആഘോഷിച്ചു. ദുബായി ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടന്ന ചടങ്ങില്‍ തായമ്പക വിദ്വാന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആശാനെ ആദരിച്ചു.
സുഹൃത്ത് സംഘത്തിലെ അമ്പതോളം കുരുന്നു പ്രതിഭകള്‍ അണിനിരന്ന കിഡ്സ് ഫെസ്റില്‍ വിശിഷ്ടാഥിതികളടക്കം എണ്ണൂറില്പരം പേര് ആസ്വദിച്ച ഓണസദ്യ തുടര്‍ന്നു താലം, തെയ്യം, പുലികളി, വെളിച്ചപ്പാട്, ശിങ്കാരിമേളം ഇത്യാദി കലാരൂപങ്ങള്‍ ആനയിച്ച എഴുന്നള്ളത്ത് ഗംഭീരമായി. ഫൈസല്‍ വരവൂര്‍ ഒരുക്കിയ മാജിക്ഷോ, വിജയ് വരവൂര്‍ നിരത്തിയ ചിത്ര പ്രദര്‍ശനം തുടങ്ങി, സുഹൃത്ത് സംഘത്തിലെ കഴിവുറ്റ പ്രതിഭകളുടെ സംഗീതനൃത്ത പരിപാടികളും ഇശല്‍സന്ധ്യയും സമയ പരിധിയില്‍ ഒതുക്കാന്‍ സംഘാടകര്‍ പാടുപെട്ടു.
ആയിരത്തില്‍പരം കലാസ്വാദകര്‍ക്ക് മട്ടന്നൂര്‍ ആശാനും സംഘവും അണിയിച്ചൊരുക്കിയ 'മേളപ്പദം' നവ്യാനുഭൂതി പകര്‍ന്നു. ആശാനു പുറമേ വേദിയില്‍, 2015-16 പ്രസിഡന്റ് സന്തോഷ് പിലക്കാട്, സെക്രട്ടറി പ്രസാദ് പറയരിക്കല്‍, ട്രഷറര്‍ കെ.ആര്. ഹരിദാസ്, ഗ്ളോബല്‍ ചെയര്മാന് ചന്ദ്രപ്രകാശ് ഇടമന, കണ്‍വീനര്‍ ശ്രീകുമാര്‍ പുഴങ്കര, മുന്‍ കാല പ്രസിഡന്റുമാരായ വി.എന്‍. ബാബു, ഉണ്ണി വടക്കാഞ്ചേരി, ഗ്ളോബല്‍ കണ്‍വീനര്‍ ഹരീഷ് മേനോന്, ഗ്ളോബല്‍ ചാരിറ്റി കണ്‍വീനര്‍ ശ്രീകുമാര്‍ കൊഴിക്കര തുടങ്ങിയ ഭാരവാഹികളും വനിതാ വിഭാഗവും ചേര്‍ന്ന്, വിശിഷ്ട ക്ഷണിതാക്കളായ കരീം വെങ്കിടങ്ങ്, ബാബുരാജ് പണിക്കത്ത്, യുഎഇ എക്സ്ചേഞ്ച് വിനോദ് നമ്പ്യാര്‍ എന്നിവരെയും സന്നിഹിതരായ സുഹൃത്ത് സംഘത്തിലെ മാതാപിതാക്കളെയും ആദരിച്ചു. പ്രവാസി സമ്മാന്‍ ജേതാവ് അഷ്റഫ് താമരശേരി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സെക്രട്ടറി ബിജു സോമന്, ട്രഷറര്‍ വി. നാരായണന് നായര്‍ എന്നിവരും വേദിയെ ധന്യമാക്കി.