തെരഞ്ഞടുപ്പു ഫലം എല്‍ഡിഎഫിന്റെ അവസാനം കുറിക്കും
Tuesday, November 3, 2015 7:28 AM IST
ജിദ്ദ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ആദ്യഘട്ട പോളിംഗില്‍ വോട്ടര്‍മാരുടെ വര്‍ധിച്ച സാന്നിധ്യം യുഡിഎഫിനു ശുഭപ്രതീക്ഷ നല്‍കുന്നതായി ഒഐസിസി ജിദ്ദ വെസ്റേണ്‍ റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍ പറഞ്ഞു.

വോട്ടിംഗ് ശതമാനത്തില്‍ വലിയ വര്‍ധന പ്രാഥമിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അഞ്ചു ലക്ഷത്തോളം നവവോട്ടര്‍മാരുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പൊതുവേ പ്രാദേശിക തെരഞ്ഞടുപ്പു ചരിത്രം നോക്കിയാല്‍ വര്‍ധിച്ച വോട്ടര്‍മാരുടെ സാന്നിധ്യം യുഡിഎഫിന് അനുകൂലമായാണ് വരാറുള്ളത്. പ്രതിപക്ഷത്തിനു ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു മുദ്രവാക്യവും ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം വീണു കിട്ടിയ ബാര്‍ കേസിലെ തുടരന്വേഷണ ഉത്തരവിലും ജനങ്ങളെ വീഡികളാക്കുവാന്‍ കഴിഞ്ഞില്ല. കേരളത്തില്‍ പൂട്ടിയ ബാറുകള്‍ തുറന്നു കിട്ടുന്നതിനാണു പണം നല്‍കിയതെങ്കില്‍ ഏതെങ്കിലും ഒന്നു പോലും തുറന്നു കൊടുത്തില്ല എന്നത് എല്ലാവര്‍ക്കും അറിയാം. എണ്ണൂറോളം മദ്യഷാപ്പുകളാണ് ഈ സര്‍ക്കാരിന്റെ മദ്യനയം വന്നതിനുശേഷം പൂട്ടിയതെന്നും മുനീര്‍ പറഞ്ഞു.

പ്രവാസികളുടെ ഏറ്റവും അധികം പങ്കാളിത്തം ഉണ്ടായ തെരഞ്ഞെടുപ്പില്‍ ജിദ്ദയില്‍ മാത്രം ഒഐസിസി 50 ഓളം കണ്‍വന്‍ഷനുകളും മറ്റു പ്രചാരണ പരിപാടികളുമാണു സംഘടിപ്പിക്കപ്പെട്ടത്. ഇനി ബാക്കിയുടെ ഏഴു ജില്ലകളിലെ പ്രചാരണ പരിപാടികള്‍ നാളെ രാത്രി വരെയും തുടരുമെന്നു മുനീര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍