മലയാള ഭാഷാ പഠന ക്യാമ്പ് സംഘടിപ്പിച്ചു
Tuesday, November 3, 2015 7:26 AM IST
കുവൈത്ത്: ഒഐസിസി ദേശീയ കമ്മിറ്റി കേരള പിറവി ദിനത്തില്‍ 'നന്മ മലയാളം' എന്ന പേരില്‍ മലയാള ഭാഷാ പഠനക്യാമ്പ് സംഘടിപ്പിച്ചു. മലയാള അക്ഷര പരിചയം, സാഹിത്യപരിചയം, വായനശീലം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനക്യാമ്പ് വളരെ ആവേശത്തോടെയാണു കുട്ടികള്‍ സ്വീകരിച്ചത്. വിവിധ ഏരിയാകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പ്രതിമാസ പഠനക്യാമ്പുകളില്‍ പ്രഗല്ഭ അധ്യാപകര്‍ ക്ളാസുകള്‍ നയിക്കും.

ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് കൃഷ്ണന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ നടന്ന മലയാള ഭാഷാ പഠന ക്ളാസില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ, മീഡിയ വിഭാഗം കണ്‍വീനര്‍ ജോര്‍ജി ജോര്‍ജ്, വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സന്ധ്യാ ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ രാമകൃഷ്ണന്‍ മംഗലശേരി, പ്രവീണ്‍ ആറ്റുകാല്‍ എന്നിവര്‍ ക്ളാസു നയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍