രണ്െടണ്ണം വീശി പുലിമടയിലെത്തിയ യുവതിക്കു പുലി വക ഗംഭീര സ്വീകരണം
Tuesday, November 3, 2015 7:23 AM IST
ഒമഹ നെബ്രസ്കി: മദ്യപിച്ചു മൃഗശാലയിലെ പുലി മടയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച യുവതിയെ പുലി കടിച്ചു പരിക്കേല്‍പ്പിച്ചു. ഞായറാഴ്ച രാവിലെ നബ്രസ്കായിലെ ഒമഹ മൃഗശാലയിലാണു സംഭവം.

പുലിമടയിലെത്തിയ ജാക്വലിന്‍ ഹെന്‍ട്രി എന്ന മുപ്പത്തിനാലുകാരി രാവിലെ മദ്യപിച്ചാണ് മൃഗശാലയിലെത്തിയത്. പുലിയ കണ്ടപ്പോള്‍ വളര്‍ത്തു മൃഗമാണെന്നു കരുതി പുലിക്കൂട്ടിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിച്ചതാണ് അപകടം ക്ഷണിച്ചുവരുത്തിയത്. ഇടത്തെ കൈക്കു ഗുരുതരമായി പരിക്കേറ്റ യുവതിയെ ക്രിംഗ്ടണ്‍ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇടതു കൈ പൂര്‍ണമായും നഷ്ടപ്പെടാനാണ് സാധ്യത എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മദ്യപിച്ച വിവരം അറിയിച്ചതിനെത്തുടര്‍ന്നു പോലീസ് ജാക്വലിന്റെ പേരില്‍ അതിക്രമിച്ചു കടന്നു എന്ന കുറ്റത്തിനു കേസെടുത്തു.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മൃഗശാലയില്‍ കൂടുതല്‍ കാമറകള്‍ സ്ഥാപിക്കുമെന്നു മേധാവി ഡെന്നിസ് പാറ്റ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍