കൊയ്ത്തുത്സവത്തിന്റെ ലോഗോ പ്രകാശനവും പന്തല്‍ കാല്‍നാട്ടുകര്‍മവും നിര്‍വഹിച്ചു
Monday, November 2, 2015 7:39 AM IST
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നവംബര്‍ 13-നു നടക്കുന്ന കൊയ്ത്തുത്സവത്തിന്റെ കാല്‍നാട്ടുകര്‍മവും ലോഗോ പ്രകാശനവും നടന്നു. മുപ്പതാം തീയതി വെള്ളിയാഴ്ച കുര്‍ബാനാന്തരം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. എം.സി. മത്തായി മാറാച്ചേരില്‍ ആണു കാല്‍നാട്ടു കര്‍മം നിര്‍വഹിച്ചത്. സഹവികാരി റവ.ഫാ. ഷാജന്‍ വര്‍ഗീസ്, കത്തീഡ്രല്‍ ട്രസ്റി എ.ജെ. ജോയ്കുട്ടി, സെക്രട്ടറി സ്റീഫന്‍ മല്ലേല്‍, ജോയിന്റ് കണ്‍വീനര്‍ റജി സി. ഉലഹന്നാന്‍, ഫിനാന്‍സ് ജോയിന്റ് കണ്‍വീനര്‍ ജോണ്‍ ഐപ്, കത്തീഡ്രല്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, കണ്‍വീനര്‍മാര്‍ എന്നിവര്‍ക്കു പുറമെ ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

കൊയ്ത്തുത്സവ ദിനമായ നവംബര്‍ 13-നു രാവിലെ പതിനൊന്നിനു ആദ്യഘട്ടം ആരംഭിക്കുന്നതും വൈകുന്നേരം നാലിനു പ്രധാന സ്റാളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമാണ്. കേരളത്തനിമയുള്ള ഭക്ഷണങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കൂടാതെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, സ്റേഷനറി സാധനങ്ങള്‍, വീട്ടുപയോഗ സാമഗ്രികള്‍, ഔഷധ ചെടികള്‍ എന്നിവയും ഇവിടെ ലഭിക്കുന്നതാണ്.

ബ്രഹ്മവാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കൂബ് മാര്‍ ഏലിയാസ് തിരുമേനി കൊയ്ത്തുത്സവ നടത്തിപ്പിനു നേതൃത്വം നല്‍കുന്നതിനായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇടവകയില്‍ എത്തിച്ചേരും.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള