സര്‍ക്കാര്‍ ഏജന്‍സി വഴി മാത്രമേ നഴ്സുമാര്‍ക്കു സൌദിയിലേക്ക് എത്താനാകൂ: ഇന്ത്യന്‍ എംബസി
Monday, November 2, 2015 7:37 AM IST
ദമാം: ഇന്ത്യയില്‍നിന്നു സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിക്ക് സൌദിയിലേക്കു നഴ്സ്മാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ലന്നു ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഹേമന്ദ് കോട്ടല്‍വാര്‍ പറഞ്ഞു. സ്വകാര്യ ഏജന്‍സി വഴി റിക്രൂട്ട്മെന്റ് നടത്താന്‍ കഴിയില്ലന്ന സര്‍ക്കാര്‍ തീരുമാനം സൌദി ഗവര്‍മെന്റിനെ അറിയിച്ചിട്ടുണ്െടന്നും ഇതിനകംതന്നെ ഇതു നടപ്പാക്കിക്കഴിഞ്ഞതായും ഡിസിഎം പറഞ്ഞു. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട നിരവധി തട്ടിപ്പ് കേസുകള്‍ ഉണ്ടായ പശ്ചാത്തലത്തിലാണു സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സി വഴിയുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യയില്‍ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി ഇന്റര്‍വ്യൂ കഴിഞ്ഞ നൂറുകണക്കിനു മലയാളി നഴ്സുമാരാണു സൌദിയിലേക്ക് എത്തുവാനായി കാത്തിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണു ഹേമന്ദ് കോട്ടല്‍വാര്‍ ഇക്കാര്യം പറഞ്ഞത്. നിലവില്‍ കുവൈറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും നോര്‍ക്കയും ഒഡാപെക്കും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സി വഴിയാണു റിക്രൂട്ട്മെന്റ് നടക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം