കെഎംസിസി സുരക്ഷാപദ്ധതി; ഒരു കോടി രൂപ നവംബറില്‍ വിതരണം ചെയ്യും
Monday, November 2, 2015 7:35 AM IST
റിയാദ് - ജാതി മത ചിന്തകള്‍ക്കതീതമായി സഹജീവി സ്നേഹത്തിന്റെ മാതൃകയായി കെഎംസിസി സൌദി നാഷണല്‍ കമ്മറ്റി സാമൂഹിക സുരക്ഷ പദ്ധതിയുടെ 2015 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ നവംബര്‍ ആദ്യവാരം പാണക്കാട്ടു നടക്കുന്ന ചടങ്ങില്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യുമെന്ന് സൌദി കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഡോ. മുഹമ്മദ് കാവുങ്ങല്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, പദ്ധതി ചെയര്‍മാന്‍ കുന്നുമ്മല്‍ കോയ എന്നിവര്‍ അറിയിച്ചു.

2015 വര്‍ഷത്തെ സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവരില്‍ പതിനേഴ് പേര്‍ ഇതിനകം വാഹനാപകടങ്ങളില്‍ പെട്ടും മാരകരോഗങ്ങളാലും മരണപ്പെട്ടിട്ടുണ്ട്. പദ്ധതി വിഭാവനം ചെയ്ത പ്രകാരം ഇതിലെ ഓരോ കുടുംബങ്ങള്‍ക്കും പദ്ധതിയിലെ മറ്റ് അംഗങ്ങള്‍ ചേര്‍ന്ന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നല്‍കുകയാണ്. മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങള്‍ക്കു സഹായം നല്‍കുന്നതിനു പുറമേ, പദ്ധതിയില്‍ അംഗമായിരിക്കേ കാന്‍സര്‍, ഹൃദയം, വൃക്ക സംബന്ധമായ മാരക രോഗങ്ങള്‍ പിടിപെടുന്നവര്‍ക്കും പദ്ധതിയില്‍നിന്നു സഹായം നല്‍കുന്നുണ്ട്. അപേക്ഷകള്‍ ലഭിക്കുന്ന മുറക്ക് ഉപസമിതിയുടെ ആവശ്യമായ അന്വേഷണത്തിനുശേഷം ചികിത്സാ സഹായം അതത് ആളുകള്‍ക്ക് അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കുന്നതിനു നാട്ടില്‍ ജനറല്‍ കണ്‍വീനര്‍ റഫീഖ് പാറക്കലിന്റെ നേതൃത്വത്തില്‍ വിപുലമായ സംവിധാനങ്ങള്‍ സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. എല്ലാ രേഖകളും സമര്‍പ്പിച്ച നിരവധി പേര്‍ക്ക് ഇതിനകം ലക്ഷക്കണക്കിനു രൂപയുടെ സഹായം എത്തിച്ചുനല്‍കിയതായും നേതാക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍