ജപമാല പ്രക്ഷുബ്ധ മനസുകള്‍ക്കു സൌഖ്യലേപനം : ബിഷപ് മാര്‍ ജോയി ആലപ്പാട്ട്
Monday, November 2, 2015 7:35 AM IST
ഫീനിക്സ്: സാധാരണ മനുഷ്യന്റെ അനുദിന ജീവിതത്തിലെ സൌഖ്യദായകമായ പ്രാര്‍ഥനയാണു ജപമാല. കത്തോലിക്കാ ആധ്യാത്മികതയില്‍ ജപമാലയ്ക്ക് അമൂല്യമായ സ്ഥാനമാണുള്ളത്. ദിവ്യകാരുണ്യം, പൌരോഹിത്യം, മരിയഭക്തി എന്നീ മൂന്നു നെടുംതൂണുകളിലാണു കത്തോലിക്കാ വിശ്വാസം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതെന്നും ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്.

ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തിലെ ജപമാല മാസാചരണത്തിന്റെ സമാപനദിനത്തില്‍ അര്‍പ്പിക്കപ്പെട്ട ആഘോഷമായ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു പിതാവ്. ക്ഷതമേല്‍പ്പിക്കപ്പെട്ട ശരീരത്തിനു സൌഖ്യം നല്‍കുന്ന ഔഷധധാരയെന്നപോലെ, പാപത്താല്‍ മുറിവേല്‍പിക്കപ്പെട്ട ആത്മാവിനും ഇടമുറിയാതെയുള്ള ജപമാലയര്‍പ്പണം സൌഖ്യദായകമായ ആത്മീയ ഔഷധധാരയാകുമെന്നു ബിഷപ് പറഞ്ഞു. മുറിവേല്‍പിക്കപ്പെടുന്ന മനസ്സുകളെ സുഖപ്പെടുത്തുന്ന ആത്മീയ ലേപനംകൂടിയാണു കൊന്തനമസ്കാരം.

സഭയുടെ ആരംഭകാലംതൊട്ട് പരിശുദ്ധ കന്യാമറിയത്തിനു ദൈവമാതാവ് എന്ന സ്ഥാനം അസന്നിഗ്ധമായി പ്രഖ്യാപിച്ചുനല്‍കിയിട്ടുള്ളതാണെന്നും, കത്തോലിക്കാ വിശ്വാസത്തെ തകര്‍ക്കാന്‍ കൊതിക്കുന്ന ശക്തികള്‍ എക്കാലത്തും ചോദ്യംചെയ്യുന്നത് പരിശുദ്ധ മറിയത്തിന്റെ ദൈവ മാതൃസ്ഥാനമാണെന്നുള്ളതും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കണമെന്നും ദിവ്യബലി മധ്യേ ബിഷപ് ഓര്‍മപ്പെടുത്തി.

ഭാരതീയ പരമ്പരാഗത കത്തോലിക്കാ വിശ്വാസ പാരമ്പര്യത്തിലും കുടുംബ പ്രാര്‍ഥനയില്‍ കൊന്ത നമസ്കാരത്തിന് അതുല്യ സ്ഥാനമാണുള്ളത്. ആധുനിക പ്രവാസിലോകത്തു ജീവിക്കുന്നവര്‍ കുടുംബ പ്രാര്‍ത്ഥനയും അതിന്റെ അവിഭാജ്യഘടകമായ ജപമാലയും ഒഴിവാക്കാന്‍ ശ്രമിക്കുന്നത് അപകടകരമാകുമെന്നും മാര്‍ ജോയി ആലപ്പാട്ട് അഭിപ്രായപ്പെട്ടു. ഒരുമിച്ചുള്ള പ്രാര്‍ത്ഥനയും പങ്കുവെയ്ക്കലും കുടുംബ ജീവിതത്തിലും വ്യക്തിജീവിതത്തിലും സമാധനവും സന്തോഷവും ഐക്യവും കൈവരുത്തും. കൂടുതല്‍ ജപമാലയര്‍പ്പിക്കുന്നത് ജീവിതത്തെ കൂടുതല്‍ വിശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫീനിക്സ് ഹോലി ഫാമിലി ദേവാലയത്തിലെ ജപമാല മാസാചരണത്തിന്റെ സമാപനാഘോഷങ്ങള്‍ ഏറെ പുതുമകളോടെയാണ് ഈ വര്‍ഷം കൊണ്ടാടിയത്. സമാപന ദിനത്തിലെ സമൂഹബലിയിലും മറ്റു തിരുകര്‍മ്മങ്ങളിലും മുഖ്യകാര്‍മികത്വം വഹിച്ചത് ബിഷപ് മാര്‍ ജോയി ആലപ്പാട്ടാണ്. കത്തിച്ച മെഴുകുതിരികളും കൈയിലേന്തി നടത്തിയ ജപമാല പ്രദക്ഷിണത്തിന് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ മുഖ്യനേതൃത്വം നല്‍കി. പരമ്പരാഗത കേരളീയ ക്രൈസ്തവാനുഷ്ഠാനമായ പാച്ചോര്‍ നേര്‍ച്ച തിരുനാള്‍ കര്‍മ്മങ്ങളെ ഏറെ ഭക്തിനിര്‍ഭരമാക്കി. ആഘോഷപരിപാടികള്‍ ഏകോപിപ്പിക്കുന്നതിനു ദേവാലയ ട്രസ്റിമാരായ അശോക് പാട്രിക്. റ്റോമിച്ചന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. മാത്യു ജോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം