ഡാളസില്‍ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു
Monday, November 2, 2015 7:34 AM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31-നു (ശനിയാഴ്ച) വൈകുന്നേരം ഡാളസ് -ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഭാഷാ സ്നേഹികളായ മലയാളികളുടെ സാന്നിധ്യത്തില്‍ കേരള പിറവി ദിനാഘോഷം ആഘോഷിച്ചു.

ഒക്ടോബര്‍ 30, 31 തീയതികളില്‍ ഡാളസ് എട്രിയം ഹോട്ടല്‍ സമുച്ചയത്തില്‍ നടന്ന ലാനാ ദേശീയ സമ്മേളന സമാപനത്തോടനുബന്ധിച്ചാണു കേരള പിറവി ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം ഏഴിനു ചേര്‍ന്ന പൊതു സമ്മേളനത്തില്‍ കെഎല്‍എസ് പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും നോവലിസ്റുമായ ബന്യാമിന്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തില്‍ പോലും അന്യമായി കൊണ്ടിരിക്കുന്ന കേരള പിറവി ദിനാഘോഷം ഏഴാം കടലിനക്കരെ ഇത്രയും വിപുലമായി ആഘോഷിക്കാന്‍ നേതൃത്വം നല്‍കിയ കെഎല്‍എസ് പ്രവര്‍ത്തകരെ ബന്യാമിന്‍ പ്രത്യേകം അഭിനന്ദിച്ചു.

ബന്യാമിന്‍, തെക്കേമുറി, ഷാജന്‍ ആനിത്തോട്ടം, ജോസ് ഓച്ചാലില്‍, ജെ. മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജന്‍ ആനിത്തോട്ടം, ജോസ് ഒച്ചാലില്‍, ജെ. മാത്യൂസ് എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കി. തുടര്‍ന്നു കലാപരിപാടികള്‍ അരങ്ങേറി.

കലാശ്രീസ്കൂള്‍ ഓഫ് ഡാളസ് അംഗങ്ങള്‍ അവതരിപ്പിച്ച മോഹിനിയാട്ടം, സെല്‍വിന്‍ ജോര്‍ജിന്റെ ഗാനാലാപം, ഭരതനാട്യം, സെമി ക്ളാസിക്കല്‍ ഡാന്‍സ്, സ്റാന്‍ലി ജോര്‍ജ് ആന്റ് ഗ്രൂപ്പിന്റെ സംഘഗാനം, റീഷാ ഗ്രൂപ്പിന്റെ തിരുവാതിര തുടങ്ങിയ നൃത്തനൃത്യങ്ങള്‍ ചടങ്ങിനു കേരള പ്രതിച്ഛായ ജനിപ്പിച്ചു. കെഎല്‍എസ് സെക്രട്ടറി ജോസന്‍ ജോര്‍ജ് സ്വാഗതവും വൈസ് പ്രസിഡന്റ് സിജു നന്ദിയും പറഞ്ഞു.

അനുപ സാം, പ്രിയ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. കലാ പരിപാടികള്‍ക്കുശേഷം കെഎല്‍എസ് പ്രവര്‍ത്തകര്‍ ഒരുക്കിയ ഡിന്നറും അസ്വദിച്ചാണു പ്രവര്‍ത്തകര്‍ മടങ്ങിയത്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍