ഹാര്‍വെസ്റ് ഫെസ്റിവല്‍ ആഘോഷിച്ചു
Sunday, November 1, 2015 3:38 AM IST
കുവൈറ്റ്: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, അഹമ്മദി, കുവൈറ്റ് ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ 2015 വളരെ ആഘോഷിച്ചു. അഹമ്മദി പ്രത്യേക ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതോകൂടി ആരംഭിച്ച പ്രോഗ്രാം, ചര്‍ച്ചിലെ എല്ലാ ആത്മീയ സംഘടനകളുടേയും പ്രാതിനിധ്യവും ഐക്യവും വിളിച്ചോതുന്നതായിരുന്നു. 11.30ന് ആരംഭിച്ച പബ്ളിക് മീറ്റിംഗ് വിശിഷ്ടാതിഥികളാല്‍ സമ്പന്നമായിരുന്നു. ചര്‍ച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും അതിന്റെ പ്രസക്തിയെയും കുറിച്ചു മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരും പ്രതിപാദിക്കുകയും പ്രശംസിക്കുകയും ചെയ്തു. ഹാര്‍വസ്റ്റ് കമ്മറ്റി ചെയര്‍മാന്‍ മനോജ് തങ്കച്ചന്‍ സ്വാഗതം ആശംസിക്കുകയും, വികാരി റവ. ഫാ. കുര്യന്‍ ജോണ്‍ അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ഫാ. വര്‍ഗീസ് പി. ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്ത പ്രോഗ്രാമില്‍ സഹോദര ഇടവകകളിലെ വികാരിമാരെല്ലാം പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റര്‍ കെ.പി. കോശി, റോയ് യോഹന്നാന്‍, ശ്രീ. ഷാജി എബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ചര്‍ച്ച് സെക്രട്ടറി ഷിജു സൈമണ്‍, ട്രസ്റ്റി റോയ് വര്‍ഗീസ് എന്നിവര്‍ നന്ദി പ്രകാശിപ്പിച്ചു.

മികവോടു കൂടിയ വിവിധ കലാപരിപാടികള്‍ കൂട്ടിയിണക്കിയ ഒരു ദിവസത്തെ പ്രോഗ്രാം സദസ്സിനെ മുഴുവന്‍ സമയവും ചിലവഴിക്കാന്‍ പ്രേരിപ്പിച്ചു. കേരളത്തില്‍നിന്നെത്തിയ പ്രദീപ്, അഖില, റഫീക്ക് റഹ്മാന്‍ എന്നിവര്‍ നയിച്ച ഗാനമേള പ്രോഗ്രാമിനു നല്ല മിഴിവേകി. കീബോര്‍ഡിസ്റ്റ് അനൂപ്, ലിനു തുടങ്ങിയവര്‍ ഓര്‍ക്കസ്ട്രാ ടീമിനെ നയിച്ചു. കുമാരി റീവാ റെജിയുടെ ഡിവോഷണല്‍ കച്ചേരി സദസിനു പുതിയ അനുഭവമായി മാറി.

വിവിധ കലാപരിപാടികളിലും വാട്ടര്‍ കളര്‍ ഡ്രോയിംഗിലും വിജയിച്ചവര്‍ക്കു സമ്മാനദാനങ്ങളും നടത്തി. നാടന്‍ തനിമ നിറഞ്ഞ ഫുഡസ്റാളുകള്‍ ആദ്യന്തം കാണികള്‍ക്ക് രുചിയുടെ വകഭേദങ്ങളൊരുക്കി. വൈകുന്നേരം ഏഴോടെ പര്യവസാനിച്ച പ്രോഗ്രാം വിജയമാക്കിത്തീര്‍ത്ത എല്ലാവരോടും വികാരിയും കണ്‍വീനറും നന്ദിയര്‍പ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍