ഖത്തറില്‍ സിറാജ് പത്രത്തിനു പുതിയ എഡിഷന്‍
Saturday, October 31, 2015 7:11 AM IST
ദോഹ: സിറാജ് ദിന പത്രത്തിനു ഖത്തറില്‍ എഡിഷന്‍ ആരംഭിച്ചു. ദോഹയില്‍ നടന്ന ചടങ്ങില്‍ സിറാജ് ദിനപത്രം ഏഴാമത് എഡിഷന്‍ പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ജസ്റീസ് മാര്‍ക്കണ്ഡേയ കട്ജു ഖത്തര്‍ പ്രവാസികള്‍ക്കു സമര്‍പ്പിച്ചു. സിറാജിന്റെ ഗള്‍ഫിലെ മൂന്നാമത് എഡിഷനാണിത്.

ജനങ്ങള്‍ക്കിടയില്‍ ഭീതിയും വെറുപ്പും സൃഷ്ടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം തകരുമെന്നും ജനങ്ങളെ എല്ലാകാലത്തും വിഡ്ഡികളാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരാണ് ഏറ്റവും വലിയ വിഡ്ഡി എന്നും ഖത്തര്‍ എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് ജസ്റീസ് കട്ജു പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഈ തകര്‍ച്ച ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ മോദി തരംഗം ഇന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് മോദിയും പാര്‍ട്ടിയും നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉന്നത ജാതിക്കാരായ ഹിന്ദു മതമൌലിക വാദികള്‍ക്കിടയിലേക്ക് ബിജെപിയുടെ സ്വാധീനം താമസിയാതെ ചുരുങ്ങുമെന്ന് കട്ജു അഭിപ്രായപ്പെട്ടു.

പ്രകാശന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഷാവറ അംഗം സയിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ്വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുള്‍ഖാദിര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍.കെ. സിംഗ്, ഖത്തര്‍ സാംസ്കാരിക മന്ത്രാലയം പബ്ളിക് റിലേഷന്‍ വിഭാഗം ഡയറക്ടര്‍ അഹമ്മദ് യൂസുഫ് ആശിര്‍, ഖത്തര്‍ ന്യൂസ് ഏജന്‍സി വിദേശ മാധ്യമ വിഭാഗം പ്രതിനിധി ഖലീഫ ജാസിം അല്‍ കുവാരി, സുപ്രീം കോണ്‍സ്റിറ്റ്യൂഷന്‍ കോര്‍ട്ട് പ്രതിനിധി ഖലീഫ ബിന്‍ അലി അല്‍ കഅബി, ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ഡയറക്ടര്‍ ഖാലിദ് അഹ്മദ് ഫാറൂഖ്, ദോഹ സെന്റര്‍ ഫോര്‍ മീഡിയ ഫോറം ഇന്റര്‍നാഷനല്‍ റിലേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്ള മുആഖത്ത്, സിറാജ് പബ്ളിഷര്‍ സി. മുഹമ്മദ് ഫൈസി, മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുള്ള, എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി.കെ. അബ്ദുള്‍ ഗഫൂര്‍, ഗള്‍ഫ് ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സിറാജ് ഖത്തര്‍ എംഡി സിദ്ദീഖ് പുറായില്‍, ഖത്തര്‍ ഐസിഎഫ് പ്രസിഡന്റ് അബ്ദുള്‍ റസാഖ് മുസ്ലിയാര്‍ പറവണ്ണ, ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ഹാജി, ആര്‍എസ്സി നാഷണല്‍ ചെയര്‍മാന്‍ ജലീല്‍ ഇര്‍ഫാനി എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക മന്ത്രി ഡോ. ഹമദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ കുവാരിയുടെ സന്ദേശം അബ്ദുള്‍ ലത്തീഫ് സഖാഫി അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ആലൂര്‍ മുഹമ്മദ് ഹാജി