മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സപ്തതി ആഘോഷം സമുചിതമായി
Saturday, October 31, 2015 4:10 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ എഴുപതാം ജന്മദിനത്തില്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒക്ടോബര്‍ 25-നു ഞായറാഴ്ച നടന്ന ആഘോഷമായ ദിവ്യബലിയില്‍ മാര്‍ അങ്ങിടിയത്ത് പിതാവ് മുഖ്യകാര്‍മികത്വം വഹിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി ഫാ. സിബി ചിറ്റിലപ്പള്ളി, രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, ഫിനാന്‍സ് ഓഫീസര്‍ ഫാ. പോള്‍ ചാലിശേരി, തലശേരി രൂപതാ ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട് ഡീന്‍ റവ.ഡോ. തോമസ് കൊച്ചുകരോട്ട്, കത്തീഡ്രല്‍ മുന്‍ വികാരി ഫാ മാത്യു പന്തലാക്കില്‍ എന്നിവര്‍ സഹകാര്‍മികരായി.

ഇടവകാംഗങ്ങളുടെ സ്നേഹാശംസകള്‍ക്കു നന്ദിയര്‍പ്പിച്ച പിതാവ് എല്ലാ നന്മകള്‍ക്കായും ദൈവത്തിനു സ്തുതികള്‍ അര്‍പ്പിക്കുന്നുവെന്നു പറഞ്ഞു. കൈക്കാരന്മാരായ മനീഷ് ജോസഫ്, ഷാബു മാത്യു, ആന്റണി ഫ്രാന്‍സീസ്, പോള്‍ പുളിക്കന്‍ എന്നിവര്‍ പൂച്ചെണ്ട് നല്‍കി ഇടവകാംഗങ്ങളുടെ പേരില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പിതാവിന്റെ സേവനങ്ങള്‍ക്ക് നന്ദി പറയുകയും, ഏവരുടേയും നാമത്തില്‍ ജന്മദിനാശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച പിതാവ് എല്ലാവര്‍ക്കും കൃതജ്ഞത പറഞ്ഞു. പാരീഷ് ഹാളില്‍ ഉച്ചഭക്ഷണവും ഏവര്‍ക്കുമായി ക്രമീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം