ലാന സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Friday, October 30, 2015 6:55 AM IST
ഡാളസ്: ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ 2015ലെ ദേശിയ കണ്‍വന്‍ഷനോടനുബന്ധിച്ച് ലാന സാഹിത്യ അക്കാഡമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ചെറുകഥാസമാഹാരം, കവിതാസമാഹാരം, നോവല്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ സാഹിത്യ മത്സരത്തില്‍നിന്നാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഏഴു നോവലുകളും ഏഴു ചെറുകഥാ സമാഹാരങ്ങളും അഞ്ചു കവിതാ സമാഹാരങ്ങളും അവാര്‍ഡു നിര്‍ണയത്തിനു പരിഗണിച്ചു.

ഡോ. ജോയി ടി. കുഞ്ഞാപ്പുവിന്റെ 'അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍' കവിതാസമാഹാര വിഭാഗത്തിലും ജോണ്‍ ഇളമതയുടെ 'സോക്രട്ടീസ് ഒരു നോവല്‍' എന്നത് നോവല്‍ വിഭാഗത്തിലും സാംസി കൊടുമണിന്റെ 'ഇസ്മായെലിന്റെ സങ്കീര്‍ത്തനം' ചെറുകഥാസമാഹാര വിഭാഗത്തിലും അവാര്‍ഡുകള്‍ കരസ്ഥമാക്കി.

ലാന സാഹിത്യ അക്കാദമി ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍, പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവാര്‍ഡു നിര്‍ണയം നടത്തിയത്.

ഏട്രിയം ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സില്‍ (ഒ.വി. വിജയന്‍ നഗറില്‍) ഒക്ടോബര്‍ 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ അവര്‍ഡുകള്‍ സമ്മാനിക്കുമെന്നു ലാന ദേശിയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഏബ്രഹാം തെക്കേമുറി അറിയിച്ചു.

റിപ്പോര്‍ട്ട്: ജയിന്‍ മുണ്ടയ്ക്കല്‍