'കേരളീയ കലകളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കലാമണ്ഡലത്തിനു കഴിയണം'
Friday, October 30, 2015 6:55 AM IST
റിയാദ്: ക്ഷേത്രകലകളുടെ മാത്രം ആസ്ഥാനമായല്ല കേരള കലാമണ്ഡലം അറിയപ്പെടേണ്ടതെന്നും കേരളത്തിലെ മുഴുവന്‍ കലാരൂപങ്ങളേയും ഉള്‍ക്കൊള്ളാനും എല്ലാ വിഭാഗം ജനങ്ങളുടേയും പാരമ്പര്യ കലാരൂപങ്ങളെ പരിശീലിപ്പിക്കാന്‍ വേദിയൊരുക്കാനും കലാമണ്ഡലം തയാറാകണമെന്നും പ്രമുഖ സോപാന സംഗീത കലാകാരന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. പ്രവാസി സാംസ്കാരിക വേദിയുടെ ഓണം ഈദ് ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഒരുക്കിയ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

കലാമണ്ഡലം കേരളത്തിന്റെ പാരമ്പര്യ കലകളുടെ ആസ്ഥാനമാണ്. അതില്‍ ക്ഷേത്രകലകള്‍ക്കു മാത്രമായൊരു പരിഗണന ഉണ്ടാകാന്‍ പാടില്ല. എങ്കില്‍ മാത്രമേ കലാമണ്ഡലം അര്‍ഥപൂര്‍ണമാവുകയുള്ളൂ. ഇന്ന് ഇത്തരം സങ്കല്‍പ്പങ്ങളെയെല്ലാം തകിടം മറിച്ച് ഏതാനും ചില ക്ഷേത്രകലകളുടെ പരിശീലനക്കളരിയാണു കലാമണ്ഡലം. മുഴുവന്‍ കലാരൂപങ്ങളും വേരറ്റു പോകാതെ പരിപോഷിപ്പിക്കാന്‍ കലാമണ്ഡലത്തിന്റെ വിശാലമായ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വത്തിനെതിരു നില്‍ക്കുന്നവരുടെ ഭീഷണികളെ നേരിടാന്‍ ഒരു ബദല്‍ സംവിധാനം കൂടിയേ തീരൂ. മസ്ജിദ് എന്നും മന്ദിര്‍ എന്നും കേള്‍ക്കുമ്പോഴുണ്ടാകുന്ന വൈകാരികത മനുഷ്യന്‍ എന്നു കേള്‍ക്കുമ്പോള്‍ ഇല്ലാതെ പോകുന്നത് ആര്‍ദ്രത വറ്റിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ കലയുടെ രാഷ്ട്രീയത്തിലേക്കു മാറ്റാന്‍ സാധിക്കാത്തതു കൊണ്ടാണ്. കലയുടെ രാഷ്ട്രീയ മാനവികതയാണ്. അതിനായുള്ള പരിശ്രമങ്ങളാണ് ഇനിയുള്ള കാലം ഉണ്ടാകേണ്ടതെന്നും അതിനു വേണ്ടിയുള്ള എളിയ ശ്രമങ്ങളാണ് താന്‍ സോപാന സംഗീതവുമായി നാടു മുഴുവന്‍ സഞ്ചരിക്കുന്നതെന്നും പ്രമുഖ സോപാന സംഗീതജ്ഞനായിരുന്ന ഞരളത്ത് രാമ പൊതുവാളിന്റെ മകന്‍കൂടിയായ ഹരിഗോവിന്ദന്‍ പറഞ്ഞു.

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓര്‍ഡിനേറ്റര്‍ വി.ജെ. നസറുദ്ദീന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ.സി.എം അബ്ദുള്ള നന്ദിയും പറഞ്ഞു. ഇടയ്ക്ക കലാകാരന്‍ സുജിത് കോട്ടോല, പ്രവാസി സാംസ്കാരിക വേദി റിയാദ് ഘടകം പ്രസിഡന്റ്് സാജു ജോര്‍ജ് എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍