ബോയിംഗ് 737-ന്റെ പ്രായം കുറഞ്ഞ അമേരിക്കന്‍ പൈലറ്റ് കോട്ടയം സ്വദേശി
Thursday, October 29, 2015 4:27 AM IST
പാഴ്സിപ്പനി: ബോയിംഗ് 737 പറപ്പിക്കുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി അദ്ഭുതം സൃഷ്ടിക്കുകയാണ് മലയാളിയായ ഹരോള്‍ഡ് എം. ജോണി. ഇര്‍വിംഗിലെ ടെക്സസില്‍ താമസിക്കുന്ന ഹരോള്‍ഡ് കോട്ടയം കൈപ്പുഴ സ്വദേശിയാണ്. നാലായിരത്തിലേറെ മണിക്കൂര്‍ വിമാനം പറത്തിയ പരിചയസമ്പത്തു നേടിയ ഹരോള്‍ഡ് ബോയിംഗ് വിമാനത്തിലെ ഫസ്റ് ഓഫീസര്‍ പദവിയിലെത്തുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. ഈ പദവിയിലേക്കുയര്‍ന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരനും ഹരോള്‍ഡ് തന്നെ. ഡിഎച്ച്എല്ലിനു വേണ്ടി സതേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിലെ ഫസ്റ് ഓഫീസറാണ് ഈ ചെറുപ്പക്കാരന്‍.

ഒമാനിലെ മസ്ക്കറ്റില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ ഹരോള്‍ഡ് മാന്നാനം കെഇ സ്കൂളിലും പഠിച്ചിരുന്നു. പിന്നീട് ന്യൂസിലന്‍ഡിലെ ഒക്ലന്‍ഡിലും തുടര്‍ന്ന് പാഴ്സിപ്പനിയിലുമായി വിദ്യാഭ്യാസം. 2004 മുതല്‍ അമേരിക്കയിലാണ് ഹരോള്‍ഡ്. ക്ളിഫോര്‍ഡ് ജോണി സഹോദരനും, ഹാരിയറ്റ് ആന്‍ ജോണി സഹോദരിയും. കൈപ്പുഴ മുകളേല്‍ കുടുംബാംഗം ജോണി തോമസിന്റെയും നീണ്ടൂര്‍ കാരിക്കല്‍ ആനിയമ്മ ജോണിയുടെയും മകനായ ഹരോള്‍ഡ് 2008-ല്‍ ഫ്ളോറിഡയിലെ മെല്‍ബണിലുള്ള സതേണ്‍ ഏറോ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഏവിയേഷന്‍ ഫിസിയോളജി ട്രെയിനിംഗ് പൂര്‍ത്തിയാക്കി. ഡെല്‍റ്റ കണക്ഷന്‍ അക്കാഡമിയില്‍ നിന്നുമാണു പൈലറ്റായുള്ള ജോലിയിലേക്ക് ചവിട്ടുപടി വച്ചത്. തുടര്‍ന്ന്, ഹരോള്‍ഡ് ന്യൂജേഴ്സിയിലും ഫ്ളോറിഡയിലുമായി നിരവധി ഫ്ളൈറ്റ് ഇന്‍സ്ട്രക്ഷന്‍ ജോലികള്‍ ചെയ്തു. പിന്നീട് ഫ്ളോറിഡയില്‍ കോളജ് പഠനകാലത്ത് ഫ്ളൈറ്റ് ഇന്‍സ്ട്രക്ഷനിലെ അനുഭവസമ്പത്ത് വര്‍ധിപ്പിച്ചു. എക്സ്പ്രസ് ജറ്റ് എയര്‍ലൈന്‍സില്‍ (യുണൈറ്റഡ് എക്സ്പ്രസ്) ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ഏവിയേഷന്‍ മെയിന്റനന്‍സ് സയന്‍സില്‍ സര്‍ട്ടിഫേക്കഷന്‍ കോഴ്സിനു ഫ്ളോറിഡയിലെ ഡേറ്റൊണ ബീച്ച് എംബറി റിഡില്‍ ഏറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ന്യൂജേഴ്സിയിലെ ട്രന്റണ്‍ തോമസ് എഡിസണ്‍ സ്റ്റേറ്റ് കോളേജില്‍ നിന്നു ഏവിയേഷന്‍ ഫ്ളൈറ്റ് ടെക്നോളജി ബിരുദം സ്വന്തമാക്കി.

സെസ്ന കാരവന്‍ എയര്‍ക്രാഫ്റ്റ് പറത്തിക്കൊണ്ടായിരുന്നു ഹരോള്‍ഡ് ആകാശത്ത് അദ്ഭുതങ്ങള്‍ തീര്‍ത്തത്. അതു പസഫിക്ക് വിംഗ്സ് എയര്‍ലൈന്‍സിലായിരുന്നു. യുണൈറ്റഡ് എക്സ്പ്രസ്, യുഎസ് എയര്‍വേസ് എക്സ്പ്രസ് ബ്രാന്‍ഡ്സ് എന്നിവയുടെ യാത്രാവിമാനങ്ങള്‍ പറത്തിയ ഹരോള്‍ഡ് പിന്നീട് സതേണ്‍ എയറിനുവേണ്ടി ഡിഎച്ച്എല്‍ ഫ്റൈറ്റര്‍ വേള്‍ഡ് വൈഡ് ഓപ്പറേഷന്‍സില്‍ ചേര്‍ന്നു. വിമാനം പറത്തുന്നതിലെ അസാമാന്യ വൈദഗ്ധ്യവും പരിചയസമ്പത്തും ബോയിംഗ് 737 എയര്‍ക്രാഫ്റ്റിലെ ഫസ്റ് ഓഫീസര്‍ പോസ്റ്റിലേക്ക് ഹരോള്‍ഡിനെ എത്തിച്ചത് വളരെ പെട്ടെന്നായിരുന്നു. ഈ പോസ്റില്‍ വലിപ്പമേറിയ വിമാനം പറത്തുന്ന അമേരിക്കയിലെ ആദ്യ ചെറുപ്പക്കാരനായി ഈ ഇരുപത്തിനാലുകാരന്‍ മാറി. അടുത്ത മാസം വിവാഹത്തിനൊരുങ്ങുന്ന ഹരോള്‍ഡ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടാല്‍ അത് മറ്റൊരു റെക്കാര്‍ഡാവും. ബോയിംഗ് 737 വിമാനം പറത്തുന്ന അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായി ഈ ചെറുപ്പക്കാരന്‍ മാറും. ക്യാപ്റ്റന്‍ പ്രമോഷനു വേണ്ടി 2016 സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. ഇതിനിടെ. ഹരോള്‍ഡ് വാരിക്കൂട്ടിയ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വളരെയേറെ വരും. എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് (എഎംഇഎല്‍), സര്‍ട്ടിഫൈഡ് ഫ്ളൈറ്റ ഇന്‍സ്ട്രക്ടര്‍ സിഎഫ്ഐ, സിഎഫ്ഐഐ, എംഇഐ, എജിഐ, ഐജിഐ, എഫ്എഎ ക്ളാസ് 1 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, എഫ്സിസി റേഡിയോ ലൈസന്‍സ് എന്നിവ ഇതില്‍ ചിലത് മാത്രം. ഹരോള്‍ഡ് വൈദഗ്ധ്യം നേടിയ വിമാനങ്ങളുടെ റേഞ്ച് ഇതാ.. ടൈപ്പ് റേറ്റിംഗ്സ്-സി.എല്‍ 65, സി.എഫ്-340, ഇ.എം.ബി-145, ഒടുവിലായി ബോയിംഗ് 737 വിമാനവും.

എക്സ്പ്രസ് ജെറ്റ് എയര്‍ലൈന്‍സിലാണു ഹരോള്‍ഡ് ഫ്ളൈറ്റ് ഓപ്പറേഷന്‍സ് ഇന്റേണ്‍ഷിപ്പ് ആരംഭിച്ചത്. പിന്നീടു പസഫിക് വിംഗ്സ് എയര്‍ലൈന്‍സിന്റെ സി208 വിമാനത്തിന്റെ ഫസ്റ് ഓഫീസറായി സ്ഥാനക്കയറ്റം. തുടര്‍ന്ന് ഇ.എം.ബി 145 വിമാനവുമായി ട്രാന്‍സ് സ്റേറ്റ്സ് എയര്‍ലൈന്‍സിലേക്കു കൂടുമാറ്റം. പിന്നീട് എസ്.എഫ് 340 വിമാനത്തിലെ ഫസ്റ് ഓഫീസറായി കോള്‍ഗന്‍ എയറിലൂടെ ആകാശത്തിന്റെ അതിരുകളില്ലാത്ത ലോകത്ത് ഹരോള്‍ഡ് വിസ്മയമൊരുക്കി. പിന്നീടു സി.എല്‍ 65 വിമാനവുമായി എയര്‍ വിസ്കോന്‍സിന്‍ എയര്‍ലൈന്‍സില്‍. ഇപ്പോള്‍, സതേണ്‍ എയറിലെ ഫസ്റ് ഓഫീസറായി ബോയിങ് 737-ല്‍ സജീവം.

ഇപ്പോള്‍ വിവാഹിതനാകാനുള്ള തയാറെടുപ്പിലാണു ഹരോള്‍ഡ്. കായംകുളം വേങ്ങയില്‍ സ്നേഹാലയം ജോര്‍ജ് രാജുവിന്റെയും ലിസ രാജുവിന്റെയും മകള്‍ ജൂലി എലിസബത്ത് ജോര്‍ജുമായുള്ള വിവാഹം അധികം താമസിയാതെ നടക്കും. ഇവരുടെ ഒത്തുകല്യാണം നവംബറിലാണ്.

താന്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തെക്കുറിച്ച് ഹരോള്‍ഡിന് നല്ല നിശ്ചയമുണ്ട്. കയറിപ്പറ്റാന്‍ ബുദ്ധിമുട്ടുള്ള ഒരു ഫീല്‍ഡാണിത്. ശരിക്കും കഠിനാധ്വാനം തന്നെ വേണ്ടി വന്നു, ഹരോള്‍ഡ് പറഞ്ഞു. താന്‍ പഠിപ്പിച്ചവര്‍ പലരും ഇപ്പോള്‍ പല എയര്‍ലൈന്‍സുകളിലായി ജോലി ചെയ്യുന്നുണ്ട്. അതൊരു വലിയ അംഗീകാരമാണ്. അമേരിക്കയില്‍ ആറു മലയാളികളേ ഈ പ്രഫഷനില്‍ ഇപ്പോഴുള്ളൂ. എന്നാല്‍, ഈ മേഖലയില്‍ നോര്‍ത്ത് ഇന്ത്യക്കാര്‍ വളരെയേറെയുണ്ട്. താത്പര്യമുള്ളവരുടെ ശ്രദ്ധയ്ക്കായി ഹരോള്‍ഡ് പറഞ്ഞത് ഇപ്രകാരം, ഹൈസ്ക്കൂള്‍ വിദ്യാഭ്യാസ കാലത്ത് തന്നെ ഈ ഇന്‍ഡസ്ട്രിയെക്കുറിച്ചു പഠിക്കുക. രണ്ട്, നാഷണല്‍ ഓര്‍ഗനൈസേഷനുകളിലും അംഗങ്ങളാവുക. ഒന്ന്- അഘജഅ (എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍). രണ്ട്, അ.ഛ.ജ. അ . (എയര്‍ക്രാഫ്റ്റ് ഓണേഴ്സ് ആന്‍ഡ് പൈലറ്റ്സ് അസോസിയേഷന്‍).

ഫ്ളൈറ്റ് ട്രെയിനിംഗിനു പ്രായപരിധിയില്ല. മിനിമം യോഗ്യത ഹൈസ്കൂള്‍ വിദ്യാഭ്യാസമാണ്. ലൈസന്‍സ് കിട്ടാന്‍ 18 വയസ് മതി. എന്നാല്‍ അതിനു മുന്‍പ് തന്നെ പഠിച്ചു തുടങ്ങണം. കൊമേഴ്സ്യല്‍ എയര്‍ലൈന്‍സുകളില്‍ ജോലി ചെയ്യാന്‍ ബാച്ചിലേഴ്സ് ബിരുദം നിര്‍ബന്ധം. ഇപ്പോള്‍ 23 വയസാകാതെ, വിമാനം പറത്താനാവില്ല. മുന്‍പ് ഇത് 21 വയസായിരുന്നു. ഏറ്റവും ചുരുങ്ങിയത് 1500 മണിക്കൂറെങ്കിലും വിമാനം പറത്തിയാലേ ലൈസന്‍സ് കിട്ടൂ. ഇതിന് ഏതാണ്ട് ഒരു വര്‍ഷമെടുക്കും. ലെഗസി കാരിയറുകളില്‍ (കൊമേഴ്സ്യല്‍ ഫ്ളൈറ്റ്) ജോലിയില്‍ എത്തണമെങ്കില്‍ കുറഞ്ഞത് നാലായിരം മണിക്കൂറെങ്കിലും വിമാനം പറത്തിയിരിക്കണം. ഇതിന് ആറു വര്‍ഷമെങ്കിലുമെടുക്കും. താന്‍ പിന്നിട്ട നേട്ടം ചെറിയൊരു കാര്യമല്ലെന്നു ഹരോള്‍ഡ് വിശ്വസിക്കുന്നു. അധികം പേര്‍ക്ക് എത്തിച്ചേരാനാവാത്ത മേഖലയില്‍ നിശ്ചയദാര്‍ഢ്യം ഒന്നു മാത്രമായിരുന്നു കരുത്ത്. പിന്നെ, ഈശ്വരാനുഗ്രഹവും. എവിടെയൊക്കെ ജോലി ചെയ്യാന്‍ ചെന്നോ, അവിടെയൊക്കെ തന്നെ കണ്ടപ്പോള്‍ അത്ഭുതമായിരുന്നുവെന്നു ഹരോള്‍ഡ് പറഞ്ഞു. തന്റെ പ്രായക്കുറവാണ് അതിനു കാരണം. എല്ലാം ദൈവകൃപ. ഭാഗ്യവും തുണച്ചു- ഹരോള്‍ഡിന്റെ പിതാവ് ജോണി മകന്റെ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍