സൌത്ത് വെസ്റ് ഭദ്രാസന റാഫിള്‍ ഉദ്ഘാടനം നിര്‍വഹിച്ചു
Thursday, October 29, 2015 4:27 AM IST
ഷിക്കാഗോ: ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായും, ഹൂസ്റണ്‍ ഭദ്രാസന കേന്ദ്രത്തില്‍ ഒരു ചാപ്പല്‍ നിര്‍മിക്കുന്നതിനുമായി നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഷിക്കാഗോയിലെ വിതരണോദ്ഘാടനം ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടത്തി. ഭദ്രാസന മെത്രാപ്പോലീത്ത അലസ്കിയോസ് മാര്‍ യൌസേബിയോസ് തിരുമേനി, ഏബ്രഹാം വര്‍ക്കി, ഏലിയാമ്മ പുന്നൂസ്, വര്‍ഗീസ് പുന്നൂസ്, ഷിബു മാത്യു, ഫിലിപ്പ് ജോസഫ്, തോമസ് സ്കറിയ, ജോര്‍ജ് പുഴിക്കുന്നേല്‍ എന്നിവര്‍ക്കു നല്‍കി.

വികാരി റവ. ഫാ. ദാനിയേല്‍ ജോര്‍ജിന്റെ ആമുഖ പ്രസംഗത്തില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഭദ്രാസനം കൈവരിച്ച നേട്ടങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി. ഈ വര്‍ഷം സമ്മറില്‍ നടത്തിയ യുവജന ക്യാമ്പില്‍ 25 കുട്ടികള്‍ പങ്കെടുത്തതായും, ഭദ്രാസനത്തിന്റെയും സഭയുടേയും ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള കൌണ്‍സിലിംഗ് സെന്റര്‍, യുവതീയുവാക്കള്‍ക്ക് കോളജില്‍ പോകുന്നതിനുമുമ്പായി അവിടെ എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റിയുള്ള ക്ളാസുകള്‍, ആരാധനാ പുസ്തകങ്ങളുടെ വിവര്‍ത്തനം, ഭദ്രാസന-റീജണല്‍ തലങ്ങളിലുള്ള ഫാമിലി കോണ്‍ഫറന്‍സുകള്‍ എന്നിങ്ങനെ ബഹുമുഖ ആത്മീയ പ്രവര്‍ത്തനങ്ങള്‍ വളരെ ചിട്ടയായി ഭദ്രാസന തലത്തില്‍ നടന്നുവരുന്നതില്‍ തനിക്ക് ചാരിതാര്‍ഥ്യമുണ്െടന്നും, അതില്‍ ഭദ്രാസനത്തിലെ വൈദികരും, ജനങ്ങളും ഒന്നടങ്കം തന്നോടൊപ്പം നിന്നു പ്രവര്‍ത്തിക്കുന്നതില്‍ താന്‍ വളരെ സന്തോഷവാനാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഷിക്കാഗോയിലെ മറ്റു മൂന്നു ഓര്‍ത്തഡോക്സ് ദേവാലയങ്ങളായ എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ്, സെന്റ് തോമസ് ഷിക്കാഗോ, സെന്റ് മേരീസ് ഓക്ലോണ്‍ എന്നിവടങ്ങളിലും സമാനമായ പരിപാടികള്‍ സംഘടിപ്പിക്കും.

റാഫിള്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം മേഴ്സിഡെസ് ബെന്‍സ് എം.സി-450 ഉം, രണ്ടാം സമ്മാനം അഞ്ചു പവന്‍ സ്വര്‍ണവും, മൂന്നാം സമ്മാനം രണ്ടു പേര്‍ക്ക് എയര്‍ ടിക്കറ്റുമാണ്. ഈ പ്രവര്‍ത്തനങ്ങളുടെ ഷിക്കാഗോ റീജണിന്റെ ചുമതല വഹിക്കുന്ന ജോര്‍ജ് പണിക്കര്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു. ട്രഷറര്‍ ഏബ്രഹാം മാത്യു സ്വാഗതവും, സെക്രട്ടറി ഏലിയാമ്മ പുന്നൂസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം